ചെന്നൈ: തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സാംസങ്ങ്. സെപ്റ്റംബർ ഒമ്പതു മുതൽ ആരംഭിച്ച സമരം ഇതോടെ തൊഴിലാളികൾ അവസാനിപ്പിച്ചു. സാംസങ്ങിന്റെ ശ്രീപെരുമ്പത്തൂർ യൂനിറ്റിലെ 1100ലധികം ജീവനക്കാരാണ് പണിമുടക്കിനിറങ്ങിയത്. സാംസങ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തമിഴ്‌നാട് വ്യവസായ മന്ത്രി ടി.ആർ.ബി രാജയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം അവസാനിച്ചത്. സമരം നടത്തുന്ന ജീവനക്കാരുടെ ആവശ്യങ്ങൾ സാംസങ് അംഗീകരിക്കുകയായിരുന്നു.
ചർച്ച വിജയകരമായതിനു ശേഷം ജീവനക്കാർ സംതൃപ്തരാണെന്ന് മന്ത്രി രാജ എക്‌സിൽ പോസ്റ്റ് ചെയ്തു. 12 മണിക്കൂർ ചർച്ച നടത്തിയതിന് സാംസങ്ങിന്റെ നേതൃത്വത്തെയും ജീവനക്കാരുടെ ക്രിയാത്മക ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു. വേതന വർധനയും അധിക ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്.