ചെന്നൈ: തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ചലച്ചിത്ര താരം സനം ഷെട്ടി. തമിഴ് സിനിമാ മേഖലയിലും സ്‌ത്രീകൾ ‘കാസ്റ്റിംഗ് കൗച്ച്’ പോലുള്ള അതിക്രമങ്ങൾ നേരിടുന്നുണ്ടെന്നും സനം ഷെട്ടി പറഞ്ഞു.
‘എനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വഴങ്ങേണ്ടി വരുമെന്ന് ബോദ്ധ്യപ്പെട്ടതോടെ പല സിനിമകളും വേണ്ടെന്ന് വച്ചു. വളരെയേറെ ഗൗരവകരമായ ഇത്തരമൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്‌ക്കും ഇതിന് മുൻകൈയെടുത്ത നടിമാർക്കും നന്ദി’ , സനം പറഞ്ഞു.
കൊൽക്കത്തയിൽ വനിതാ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിലും സിനിമാ മേഖലയിലെ ചൂഷണങ്ങൾക്കുമെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും സനം തീരുമാനിച്ചിട്ടുണ്ട്. വള്ളുവർ കോട്ടത്തിന് സമീപം റാലി നടത്തുന്നതിന് അനുമതി തേടി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് സന്ദർശിച്ചപ്പോഴാണ് അവർ മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലുടനീളമുള്ള സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടിയും വർദ്ധിച്ചുവരുന്ന ബലാത്സംഗക്കേസുകൾ തടയുന്നതിനുമാണ് ഈ റാലിയെന്നും നടി പറഞ്ഞു. നവീന നങ്ങയ്യർ ഫൗണ്ടേഷൻ സ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയുമായ ജി ഉമാ മഹേശ്വരി, ജനറൽ സെക്രട്ടറി എം എസ് സിംഗ തമിഴച്ചി എന്നിവരും വാർത്താ സമ്മേളനത്തിൽ സനത്തിനൊപ്പം പങ്കെടുത്തിരുന്നു. റാലി നടത്തുന്നതിനുള്ള തീയതി നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിട്ടുണ്ടെന്നും സനം ഷെട്ടി വ്യക്തമാക്കി.