മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാജന്‍. മമ്മൂട്ടി എന്ന വ്യക്തി മലയാളികളുടെ അഭിമാനമാണ് എന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.’മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ്യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്,’ എന്ന് കെ രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ മന്ത്രി വി ശിവന്‍കുട്ടിയും സംഭവത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം,’ എന്നായിരുന്നു വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വിദ്വേഷ സ്വഭാവത്തിലുള്ള വര്‍ഗ്ഗീയ നിറം കലര്‍ത്തിയുള്ള ട്രോളുകള്‍ അടക്കമാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കെതിരായി സൈബര്‍ ആക്രമണത്തിന്റെ സ്വഭാവത്തില്‍ പ്രചരിക്കുന്നത്.
അതേസമയം മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം ടര്‍ബോ ഈ മാസം 23 ന് റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളില്‍ ടര്‍ബോയില്‍ ഉണ്ടാകും.