ദോഹ: ലോക ശുചിത്വ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ശുചിത്വ വാരാചരണത്തിന്റെ തുടര്‍ച്ചയായി ലുസൈല്‍ ബൊളെവാഡില്‍ ശുചിത്വ മാര്‍ച്ച് സംഘടിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. പരിസ്ഥിതി ബോധവത്കരണവും ശുചിത്വത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ പകരുകയും ലക്ഷ്യമിട്ടായിരുന്നു തൊഴിലാളികളും പൊതുജനങ്ങളും ശുചീകരണ വാഹനങ്ങളും യന്ത്രസാമഗ്രികളും ഉള്‍പ്പെടെ അണിനിരന്ന ശുചിത്വ മാര്‍ച്ച് സംഘടിപ്പിച്ചത്.
ഖത്തരി ദിയാറുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലെ പൊതു ശുചീകരണ വകുപ്പാണ് ‘ശുചിത്വം എല്ലാവരുടെയും ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യമുയര്‍ത്തി പൊതു ശുചിത്വ മാര്‍ച്ച് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചത്.ഖത്തറിലെ നഗരങ്ങളുടെ ശുചിത്വം നിലനിര്‍ത്തുന്നതില്‍ ശുചീകരണ തൊഴിലാളികളുടെ സുപ്രധാന പങ്കിനെ ഉയര്‍ത്തിക്കാട്ടി അവരുടെ ദൈനംദിന പരിശ്രമങ്ങളെ പരിപാടിയോടനുബന്ധിച്ച് ആദരിക്കുകയും ചെയ്തു.
Also Read:സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ദേശീയ വികസന കാഴ്ചപ്പാട് 2030ന് അനുസൃതമായി സുസ്ഥിര വികസന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളും പരിപാടികളില്‍ പ്രദര്‍ശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അര മണിക്കൂറിലധികം നീണ്ട പൊതു ശുചിത്വ മാര്‍ച്ചില്‍ നിരവധി ശുചീകരണ തൊഴിലാളികളും എട്ട് ശുചീകരണ വാഹനങ്ങളും യന്ത്രസാമഗ്രികളും ഖത്തരി ദിയാര്‍ കമ്പനി ജീവനക്കാരും പങ്കെടുത്തു.
മന്ത്രാലയത്തിലെയും ഖത്തരി ദിയാര്‍ കമ്പനിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.പൊതു ശുചിത്വ മേഖലയില്‍ സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും ബൊളെവാഡിലെ വ്യത്യസ്തമായ പരിപാടി സാക്ഷ്യം വഹിച്ചു. എല്ലാ വര്‍ഷ വും സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ലോക ശുചിത്വ ദിനമായി ആചരിക്കുന്നത്.ശുചിത്വ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ബോധവത്കരണ പരിപാടികളും ബീച്ച്, ദ്വീപ് ശുചീകരണ കാമ്പയിനുകളും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു.