കേരളത്തിലെ മുഴുവൻ പ്രാർത്ഥനകളും വിഫലമായ ഒരു ദിനം ഒരിക്കൽ കൂടെ നമ്മെ കടന്നു പോയിരിക്കുന്നു. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യങ്ങൾക്കിടയിൽ ഒരു മനുഷ്യജീവനും ഇന്നലെ മരിച്ചു പൊങ്ങി. മാലിന്യങ്ങൾ വലിച്ചെറിഞ്ഞും ഒഴുകിയെത്തിയും നഗരത്തിന്റെ വിഴുപ്പ് ചുമന്നൊഴുകിയ ശവക്കുഴിയിൽ ദിവസക്കൂലിക്കായി ഒരു മനുഷ്യൻ അറപ്പ് നോക്കാതെ ഇറങ്ങി. എന്നാൽ അതെ തോട്ടിൽ മരവിച്ചു തീരാനായിരുന്നു ആ മനുഷ്യന്റെ വിധി. ജോയി എന്ന മനുഷ്യനെ യഥാർത്ഥത്തിൽ മാലിന്യത്തിൽ മുക്കി കൊന്നത് നമ്മൾ മനുഷ്യർ തന്നെയല്ലേ?
പെരുങ്കടവിള വടകരയിലെ മലഞ്ചെരുവിലെ ഷീറ്റിട്ട ഒറ്റമുറി വീട്ടിൽനിന്ന് നാലു ദിവസം മുൻപ് 1500 രൂപ ദിവസ കൂലിക്കായി അമ്മയോടു യാത്രപറഞ്ഞ് ഇറങ്ങിയ ജോയി ഇന്നലെയാണ് ആ വീട്ടിൽ തിരിച്ചെത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ തിന്നു തീർത്ത ജീവനില്ലാത്ത ശരീരവുമായി. അയാൾക്കു പിന്നിലായി കുറ്റബോധം ചുമന്ന ഒരു നാടും. നാം ഓരോരുത്തരും പലപ്പോഴായി വാരിയിട്ട പ്ലാസ്റ്റിക്കല്ലേ ആ മനുഷ്യനെ കാർന്നു തിന്നത്. എങ്ങനെയാണ് ആ കുടുംബത്തെ തലയുയർത്തി നമുക്ക് നോക്കാനാവുക. അമ്മ മെൽഗി മാത്രമാണ് ഇന്നാ വീട്ടിൽ ബാക്കിയുള്ളത്.
മാലിന്യം തിന്ന് മൽസ്യങ്ങൾ ചത്ത് പൊങ്ങിയ വാർത്തകൾ നാം എത്രയോ വട്ടം കണ്ടതാണ്. ഇന്നിതാ ഒരു മനുഷ്യൻ. എത്രയോ ഭീതിജനകമാണ് നമ്മുടെ ഇനിയങ്ങോട്ടുള്ള നാളുകൾ. എന്നെ ഇത് ബാധിക്കുന്നില്ലലോ എന്ന മനുഷ്യന്റെ അലസ ചിന്താഗതി നാളുകളായി തുടരുന്നതിന്റെ പരിണിത ഫലമാണ് മാലിന്യത്തോടലിഞ്ഞു ചേർന്ന ജോയി. പരസ്പരം പഴിചാരിയും തമ്മിലടിച്ചും മുറവിളി കൂട്ടുന്ന ഓരോ അധികാരികളും ഇനിയും ഓർക്കേണ്ടത് ദിവസ വേതനത്തിനായി ഓടകളിലേക്കിറങ്ങുന്ന നിരവധി മനുഷ്യർ ഇനിയും ബാക്കിയുണ്ട്.
REPORT: MINNU WILSON