ഇന്നേക്ക് ആറുവര്‍ഷം തികഞ്ഞ് സഞ്ജീവ് ഭട്ടിന്റെ ജയില്‍ശിക്ഷ

ഇന്നേക്ക് ആറുവര്‍ഷം തികഞ്ഞ് സഞ്ജീവ് ഭട്ടിന്റെ ജയില്‍ശിക്ഷ

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷം. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ പേരില്‍ പ്രതികാര നടപടികള്‍ നേരിടുന്നതിനിടെയാണ്, 2018ല്‍ 22 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്തത്.

2018 മുതല്‍ ജയിലില്‍ കഴിയുന്ന ഭട്ടിന് ജാമ്യം അനുവദിച്ചിട്ടില്ല. നീതിക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരുമെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ‘സഞ്ജീവ് ഭട്ടിന്റെ അന്യായമായ തടവുശിക്ഷ ഇന്ന് ആറ് വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ ധാര്‍മികതയെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കും. കാരണം, തന്റെ സത്യങ്ങളാല്‍ അദ്ദേഹം അവര്‍ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു’ ശ്വേത ഭട്ട് പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഒത്താശ ചെയ്തു എന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. എന്നാല്‍, ഭട്ട് ഉള്‍പ്പെടെയുള്ളവരുടെ വാദങ്ങള്‍ സുപ്രീംകോടതി തള്ളുകയും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്.

മുറിയില്‍ മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസില്‍ സഞ്ജീവ് ഭട്ടിനെ 20 വര്‍ഷത്തെ തടവിനാണ് ഗുജറാത്തിലെ പാലന്‍പൂര്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 1996ല്‍ ബനസ്‌കന്ധ എസ്.പിയായിരുന്നപ്പോള്‍ രാജസ്ഥാനിലെ പാലി സ്വദേശിയായ അഭിഭാഷകനെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ 1.15 കിലോഗ്രാം മയക്കുമരുന്ന് വെച്ച് കുടുക്കിയെന്നാണ് കേസ്.

ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് 2018ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) കേസ് അന്വേഷിച്ചിരുന്നത്. സംഭവം നടന്ന് 22 വര്‍ഷത്തിന് ശേഷം 2018 സെപ്റ്റംബര്‍ 20ന് ഭട്ട് അറസ്റ്റിലായി. ഹരജിക്കാരനായ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഐബി വ്യാസ് ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയാവുകയായിരുന്നു.

ജാംനഗറില്‍ അഡീഷനല്‍ സൂപ്രണ്ട് ആയിരിക്കെ കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ മരിച്ചത് കസ്റ്റഡി പീഡനത്തെ തുടര്‍ന്നായിരുന്നു എന്ന കേസില്‍ 2018 സെപ്റ്റംബര്‍ അഞ്ചിന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കണ്ണിലെ കരടാവുന്നത്. തുടര്‍ന്ന് അദ്ദേഹത്തിനെതിരായ കേസുകള്‍ ബി.ജെ.പി സര്‍ക്കാര്‍ സജീവമാക്കുകയായിരുന്നു.

Top