ഡര്ബന്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ സഞ്ജു ആകെ നേടിയത് 107 റണ്‍സ്.
ഹൈദരാബാദില്‍ കഴിഞ്ഞ മാസം 12-ന് ബംഗ്ലാദേശിനെതിരേ തകര്‍ത്തടിച്ച സഞ്ജു മിന്നല്‍ പ്രകടനം മാറ്റാതെ തന്നെയാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ക്രീസിലെത്തിയത്. രണ്ടാം ഓവര്‍ മുതല്‍ കത്തിക്കയറിയ സഞ്ജു 27 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 107 റണ്‍സ് നേടിയ സഞ്ജുവിനെ ഒടുവില്‍ നകാബയോംസിയുടെ പന്തില്‍ ക്രിസ്റ്റിയന്‍ സ്റ്റബസ്സ് പിടികൂടുകയായിരുന്നു. സഞ്ജുവിന് പുറമേ ഓപ്പണര്‍ അഭിഷേക് ശര്‍മ(7), നായകന് സൂര്യകുമാര്‍ യാദവ്(21), മധ്യനിര താരം തിലക് വര്‍മ(33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
Also Read:മത്സരത്തിനിടെ ക്യാപ്റ്റനുമായി ഉടക്കി ഇറങ്ങിപോയി; അല്‍സാരി ജോസഫിന് രണ്ടു മത്സരത്തില്‍ വിലക്ക്
ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍ സഞ്ജു-സൂര്യ സഖ്യം 76 റണ്‍സടിച്ച ശേഷമാണ് വേര്‍പിരിഞ്ഞത്. നേരത്തെ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിനുപിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര ദക്ഷിണാഫ്രിക്കക്കെതിരെ എത്തുന്നത്.
ദക്ഷിണാഫ്രിക്ക: റയാന് റിക്കല്ടണ്, എയ്ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്, ഡേവിഡ് മില്ലര്‍, പാട്രിക് ക്രൂഗര്‍, മാര്‍ക്കോ ജാന്സെന്, ആന്‍ഡില്‍ സിമെലന്‍, ജെറാള്‍ഡ് കോറ്റ്സി, കേശവ് മഹാരാജ്, എന്‍കബയോംസി പീറ്റര്‍.
ഇന്ത്യ: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്.