ഷിരൂരില്‍ നേരിട്ടെത്തി സന്തോഷ് പണ്ഡിറ്റ്

ഷിരൂരില്‍ നേരിട്ടെത്തി സന്തോഷ് പണ്ഡിറ്റ്
ഷിരൂരില്‍ നേരിട്ടെത്തി സന്തോഷ് പണ്ഡിറ്റ്

ര്‍ണാടകയിലെ ഷിരൂരില്‍ മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായ സ്ഥലം സന്ദര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. അര്‍ജുന്‍ കാണാതായ അംഗോളയില്‍ എത്തി നാട്ടുകാരോടും പൊലീസുകാരോടും സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. പൊലീസുകാരും പട്ടാളക്കാരും വളരെ മികച്ച പ്രവര്‍ത്തനമാണ് അവിടെ നടത്തുന്നത്. അംഗോളയിലെ രക്ഷാപ്രവര്‍ത്തനത്തിന് ജെസിബി അടക്കമുള്ള സന്നാഹങ്ങള്‍ കുറവാണെന്ന് പറയുന്നത് ശരിയല്ല എന്നും കാര്‍വാര്‍ മുതല്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായതുകൊണ്ട് എല്ലായിടത്തെയും രക്ഷാപ്രവര്‍ത്തനം ഏകോപിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഒരു പൊലീസുകാരന്‍ അനൗദ്യോഗികമായി തന്നോടു പറഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു.

”ഞാനിപ്പോള്‍ കര്‍ണാടകയില്‍ അംഗോളയ്ക്ക് അടുത്താണ് നില്‍ക്കുന്നത്. ദുരന്തം നടന്ന സ്ഥലമൊക്കെ ഇന്നലെ ഞാന്‍ സന്ദര്‍ശിച്ചു. പല ആളുകളുമായി സംസാരിച്ചു, പൊലീസുകാരോടും സംസാരിച്ചിരുന്നു. എനിക്ക് അറിയാന്‍ കഴിഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. ഞാന്‍ പറയുന്ന കാര്യം ഔദ്യോഗികമല്ല. ഞാന്‍ അവിടെ ചെന്ന സമയത്താണ് അര്‍ജുന്റെ ലോറിയുടെ സൂചന രക്ഷാപ്രവര്‍ത്തകര്‍ക്കു കിട്ടുന്നത്. ഇന്നലത്തെ അവസ്ഥ വച്ച് നോക്കിയാല്‍ വളരെ നല്ല പ്രവര്‍ത്തനമാണ് നടക്കുന്നത്. മൂന്നുനാലു ആംബുലന്‍സ് റെഡി ആക്കി നിര്‍ത്തിയിട്ടുണ്ട്. ജെസിബിയും മറ്റ് വാഹനങ്ങളുമുണ്ട്, ഒന്നിനും ഒരു കുറ്റവും പറയാനില്ല.

പക്ഷേ കുറച്ചു ദിവസം മുന്‍പ് ഇങ്ങനെ ആയിരുന്നോ എന്ന് എനിക്കറിയില്ല. കാരണം പല ആളുകളും പല രീതിയില്‍ ആണ് പറയുന്നത്. ജെസിബി ഒന്നും അധികം ഉണ്ടായിരുന്നില്ല എന്നൊക്കെ ആണ് പറഞ്ഞത്. അവിടുത്തെ പൊലീസുകാരുമായി സംസാരിച്ചപ്പോള്‍ അവര്‍ പറയുന്നത് ”നിങ്ങള്‍ ഈ ഒരു സ്‌പോട് മാത്രമാണ് കാണുന്നത്. പക്ഷെ ഇവിടെ മാത്രമല്ല കാര്‍വാര്‍ മുതല്‍ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. അപ്പൊ അതൊക്കെ ഞങ്ങള്‍ക്ക് നോക്കേണ്ടതുണ്ട്, ഇവിടെ മാത്രമല്ല ഞങ്ങള്‍, പ്രവര്‍ത്തിച്ചത് നിങ്ങള്‍ ഇവിടെ മാത്രം നോക്കിയതുകൊണ്ടാണ് ജെസിബി കുറവ് എന്ന് തോന്നിയത്” എന്നൊരു അനൗദ്യോഗിക സംസാരം വന്നു. ഞാന്‍ ഈ ദുരന്തം നടന്ന സ്ഥലത്തിന്റെ വളരെ അടുത്ത് എത്തിയിരുന്നു .
ഞങ്ങളെല്ലാം നില്‍ക്കുന്ന സ്ഥലത്ത് ഹോട്ടലും മറ്റും ഉണ്ടായിരുന്നതാണ്. ആദ്യം മുതലേ നാട്ടുകാര്‍ പറയുന്നത് ലോറി മണ്ണിനടിയില്‍ അല്ല പുഴയിലായിരിക്കും ഉണ്ടാവുക എന്നാണ്. പക്ഷേ ആരൊക്കെയോ വഴിതിരിച്ചു വിട്ടിട്ടാണ് കരയില്‍ തിരഞ്ഞുകൊണ്ടിരുന്നതെന്നും അവിടെനിന്ന് കോരിമാറ്റിയ മണ്ണാണോ പുഴയില്‍ ലോറിയുടെ മുകളില്‍ വന്നതെന്നും ഒരു സംശയമുണ്ട്. ഓരോരുത്തരും ഓരോ രീതിയില്‍ ആണ് പറയുന്നത്. ഒന്‍പതു മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. അതില്‍ ഒരു ഹോട്ടല്‍ നടത്തുന്ന ആളുണ്ടായിരുന്നു, അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം ആണ് എല്ലാവരും പറയുന്നത്. കുറെ ലോറിക്കാരോട് സംസാരിക്കാന്‍ പറ്റി. അവര്‍ പറഞ്ഞത് അവര്‍ക്കൊക്കെ ലൈറ്റൊക്കെ ഇട്ടുകൊടുത്ത് നല്ല സഹായം ചെയ്യുന്ന ആളായിരുന്നു ഹോട്ടലുടമ എന്നാണ്. ഹോട്ടലുകാരനും ഭാര്യയും രണ്ടുമക്കളും അടക്കം അഞ്ചുപേരോളം അവിടെ മരിച്ചു. അതല്ലാതെ നാലുപേര് വേറെ മരിച്ചു.

ആ വീടുകളില്‍ ഒക്കെ പോയി അവര്‍ക്കൊക്കെ എന്തെങ്കിലും സഹായം ചെയ്യാനായി ശ്രമിച്ചെങ്കിലും അവിടെവരെ എത്താന്‍ കഴിഞ്ഞില്ല. ഭാഷയുടെ ഒരു പ്രശ്‌നവും ഉണ്ട് അവര്‍ സംസാരിക്കുന്നത് തുളുവിലാണ്. ഗോവ മംഗലാപുരം ഹൈവേയില്‍ ആണ് ഈ സംഭവം നടക്കുന്നത്. ഇപ്പോള്‍ വഴി തിരിച്ചുവിട്ട് വേറെ വഴിക്കാണ് വണ്ടികള്‍ പോകുന്നത്. അവിടെ ചെല്ലുന്നവരെ മൂന്നു കിലോമീറ്റര്‍ ഇപ്പുറം പൊലീസ് തടയുന്നുണ്ട്. ശക്തമായ മഴയും കൊടുംകാറ്റുംപോലത്തെ കാറ്റുമാണ് അവിടെ, ഇപ്പോഴും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. കുറച്ചു മെലിഞ്ഞ ഒരാള്‍ പറന്നുപോകുന്ന തരത്തിലുള്ള കാറ്റാണ്.

പുഴ ഈ സംഭവത്തിന് ശേഷം വലിയ വീതിയുള്ള പുഴയായി മാറിയിട്ടുണ്ട്. അവിടെയുള്ള ആള്‍ക്കാരോടെല്ലാം മാറിത്താമസിക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് ശുഭകരമായ ഒരു വാര്‍ത്ത ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. അവിടെയെല്ലാം സന്ദര്‍ശിക്കാനും പരമാവധി ആളുകളെ കണ്ടു വിവരങ്ങള്‍ ശേഖരിക്കാനും എന്താണ് അവിടെ നടക്കുന്നതെന്ന് മനസിലാക്കാനും കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ പൊലീസും പട്ടാളവുമെല്ലാം വളരെ നല്ല പ്രവര്‍ത്തനമാണ് നടത്തുന്നത്.”സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Top