CMDRF

മഞ്ചേരിയിലെ സന്തോഷ് ട്രോഫി ; ഹർജിയിൽ അനുകൂല വിധി

മഞ്ചേരിയിലെ സന്തോഷ് ട്രോഫി ; ഹർജിയിൽ അനുകൂല വിധി
മഞ്ചേരിയിലെ സന്തോഷ് ട്രോഫി ; ഹർജിയിൽ അനുകൂല വിധി

മലപ്പുറം: മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ടൂർണ്ണമെൻ്റിൽ ടിക്കറ്റെടുത്തിട്ടും ഫൈനൽ മത്സരം കാണാനായില്ലെന്ന ഹർജിയിൽ അനുകൂല വിധി. ടിക്കറ്റെടുത്തിട്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന് മുമ്പാകെ സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി. കളി കാണാതെ മടങ്ങിയ കാണികൾക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനും 10,000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് കമ്മീഷൻ ഉത്തരവ്.

മലപ്പുറം കാവനൂർ സ്വദേശി കെ പി മുഹമ്മദ് ഇഖ്ബാൽ, കൊല്ലം മങ്ങാട്ട് സ്വദേശി മനോഷ് ബാബു, നസീം കരിപ്പകശ്ശേരി എന്നിവരാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവരെ എതിർകക്ഷികളാക്കി കമ്മീഷൻ മുമ്പാകെ പരാതി നൽകിയത്. 30 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണമെന്നും അല്ലാത്തപക്ഷം ഒൻപത് ശതമാനം പലിശ ഈടാക്കാമെന്നും മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിൽ പറയുന്നു. പരാതിക്കാർക്ക് വേണ്ടി അഭിഭാഷകരായ പി സാദിഖലി അരീക്കോട്, എൻ എച്ച് ഫവാസ് ഫർഹാൻ എന്നിവർ ഹാജരായി.

മലപ്പുറം ആതിഥ്യമരുളിയ സന്തോഷ് ട്രോഫി മത്സരങ്ങൾ കോട്ടപ്പടിയിലും പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടന്നത്. കോട്ടപ്പടിയിൽ ചുരുക്കം കാണികളാണ് എത്തിയിരുന്നത്. എന്നാൽ കേരളത്തിൻ്റെ മത്സരം നടന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികൾ പയ്യനാട്ടേക്ക് ഇരച്ചെത്തിയിരുന്നു. 25000 കാണികളെ ഉൾക്കൊള്ളാനുള്ള ഗാലറിയാണ് പയ്യനാട് സ്റ്റേഡിയത്തിലുള്ളത്. കേരളവും ബംഗാളും തമ്മിലായിരുന്നു പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ ആതിഥേയരായ കേരളമാണ് കീരിടം ചൂടിയത്.

Top