സാൻ പെട്രോ സുല: ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ കൊടുങ്കാറ്റ് മൂലം മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം. കൊടുങ്കാറ്റാണ് ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായത്. ഇതിനുപിന്നാലെയാണ് മധ്യ അമേരിക്കയിലേക്ക് കൊടുങ്കാറ്റ് നീങ്ങുന്നത്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലാണ് ഹോണ്ടുറാസിൽ കര തൊട്ടത്.
ഹോണ്ടുറാസിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള കാബോ ഗ്രാസിയസ് അ ഡിയോസിൽ നിന്നുമാണ് സാറ എത്തിയതെന്നാണ് മിയാമി അടിസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയുടെ നാഷണൽ ഹരിക്കേയ്ൻ സെന്റർ വിശദമാക്കുന്നത്.
Also Read:പാർലമെന്റിൽ ഹക്ക നൃത്തം ചെയ്ത് ന്യൂസിലാൻഡ് എംപി
മെക്സിക്കോയിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത് 75 സെന്റിമീറ്റർ വരെ മഴ വിതച്ചും 75 കിലോമീറ്റർ വേഗതയിലുമാണ് സാറ മുന്നോട്ട് നീങ്ങുന്നത് എന്നാണ്. വീണ്ടും സമുദ്ര ഭാഗത്തേക്ക് എത്തുന്നതിന് മുൻപ് മുന്നിലുള്ള സകലതും നശിപ്പിക്കാൻ സാറക്ക് കഴിയും. കര തൊട്ട ശക്തിയിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് സാറ കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. ഞായറാഴ്ചയോടെ ഹോണ്ടുറാസ് തീരം സാറ കടക്കുമെന്നാണ് മുന്നറിയിപ്പുകൾ.
വരും ദിവസങ്ങളിൽ കൊടുങ്കാറ്റിന്റെ ശക്തി കുറയുമെങ്കിലും കനത്ത മഴ വിതയ്ക്കുന്ന നാശം നേരിടാനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുകയാണ് കരീബിയൻ അധികൃതർ. ബെലിസയിൽ മിന്നൽ പ്രളയങ്ങളും മണ്ണൊലിപ്പും ഉണ്ടായേക്കാമെന്നാണ് നാഷണൽ ഹരിക്കേയ്ൻ സെന്റർ നൽകുന്ന മുന്നറിയിപ്പ്. എൽ സാൽവദോർ, ഗ്വാട്ടിമാലയുടെ കിഴക്കൻ മേഖല, നിക്കരാഗ്വ, മെക്സിക്കോയിലെ ക്വിൻടാന റൂ എന്നിവിടങ്ങളിലെ കാപ്പി ഉത്പാദനത്തെ പേമാരി ബാധിക്കുമെന്നും മുന്നറിയിപ്പുകൾ വരുന്നുണ്ട്. ഹോണ്ടുറാസിന്റെ വടക്കൻ മേഖലയിൽ റെഡ് അലേർട്ടാണ് നിലവിലുള്ളത്.