കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ അമ്മ അംഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അംഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. സംഘടനയുടെ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. എന്നാൽ എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
രാജിവെക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്ന് സരയു പറയുന്നു. ഇതിന് എല്ലാവർക്കും ചീത്തപ്പേരുണ്ടാവും. മറുപടിയില്ലാതെ ഒളിച്ചോടരുത്. അമ്മയിലെ വനിതാ അംഗങ്ങൾക്ക് നേരെ ഉയർന്ന അധിക്ഷേപവും ആരോപണത്തിനും മറുപടി പറയാതെ പോവുന്നത് വനിതാ അംഗമെന്ന നിലയിൽ വ്യക്തിപരമായി ചീത്തപ്പേരുണ്ടാക്കുന്നതാണെന്ന് സരയു പറയുന്നു. പിരിച്ചുവിട്ട തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും സരയു പറയുന്നു. അതിനിടെ, അമ്മ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചു വിട്ടതിൽ പ്രതികരണവുമായി നടി അനന്യയും രംഗത്തെത്തി. വ്യക്തിപരമായി തനിക്ക് എതിർപ്പ് ഉണ്ടായിരുന്നു. മറ്റ് മൂന്ന് പേരുടെ കാര്യം താൻ പറയുന്നില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം കമ്മറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നിൽക്കുന്നു എന്നും അനന്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
Also Read: ‘അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല’: ഐശ്വര്യ ലക്ഷ്മി