ബംഗളൂരു: 70 റൺസുമായി ഏകദിന ശൈലിയിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന് സർഫറാസ് ഖാൻ. നാലാം ടെസ്റ്റ് കളിക്കുന്ന താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. നേരത്തെ മൂന്ന് അർധ സെഞ്ച്വറി നേടിയിട്ടുള്ള സർഫറാസ് ന്യൂസിലാൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ ഒറ്റ റൺ പോലുമെടുക്കാതെ മടങ്ങിയിരുന്നു.
മൂന്നാംദിനം കിവീസിനെ 402 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 59 ഓവർ പിന്നിടുമ്പോൾ മൂന്നിന് 280 റൺസെന്ന നിലയിലാണ്. 119 പന്ത് നേരിട്ട് മൂന്ന് സിക്സും 14 ഫോറുമടക്കം 106 റൺസുമായി ക്രീസിലുള്ള സർഫറാസിന് കൂട്ടായി 11 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്താണുള്ളത്. ഇപ്പോഴും ന്യൂസിലാൻഡിനേക്കാൾ 76 റൺസ് പിറകിലാണ് ഇന്ത്യ. ഓപണർ യശ്വസ്വി ജയ്സ്വാൾ (35), അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ (52), സൂപ്പർ താരം വിരാട് കോഹ്ലി (70) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
Also Read: സ്വന്തം മണ്ണില്‍ പാക്കിസ്ഥാന് ഇത് സ്വപ്‌ന വിജയം
ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ വിക്കറ്റ് വീണത് 72 റൺസിലാണ്. 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രോഹിത് വീണെങ്കിലും മൂന്നാം വിക്കറ്റിൽ കോഹ്‍ലി – സർഫറാസ് സഖ്യം 136 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. വെള്ളിയാഴ്ച എറിഞ്ഞ അവസാന പന്തിൽ കോഹ്‍ലി പുറത്തായത് ഇന്ത്യക്ക് നിരാശയായിരുന്നു.
മധ്യനിര താരം രചിൻ രവീന്ദ്രയുടെ സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയത്. 157 പന്തിൽ നാല് സിക്സും 13 ഫോറും സഹിതം 134 റൺസാണ് താരം അടിച്ചെടുത്തത്. ഡെവൺ കോൺവെ (91), ടിം സൗത്തി (65) എന്നിവരുടെ അർധ സെഞ്ച്വറിയും ന്യൂസിലൻഡിന് കരുത്തായി.