ഐഎഎസ് തലപ്പത്തെ തമ്മിലടി: കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്പെന്‍ഷന്‍

അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.

ഐഎഎസ് തലപ്പത്തെ തമ്മിലടി: കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്പെന്‍ഷന്‍
ഐഎഎസ് തലപ്പത്തെ തമ്മിലടി: കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്പെന്‍ഷന്‍

തിരുവനന്തപുരം: സര്‍വീസ് ചട്ടലംഘനത്തിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയുമായി സര്‍ക്കാര്‍. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്തു. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനു സസ്പെന്‍ഷന്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.

സംസ്ഥാന സര്‍ക്കാരിനെയും ഭരണസംവിധാനത്തെയും പ്രതിസന്ധിയിലാക്കിയ 2 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടി വേണമെന്നാണ് എന്‍.പ്രശാന്ത്, കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്. വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെക്കുറിച്ചു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിത നടപടി സ്വീകരിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ ശുപാര്‍ശ. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണു ചീഫ് സെക്രട്ടറിക്കു ഗോപാലകൃഷ്ണന്‍ മുന്‍പു നല്‍കിയ വിശദീകരണം. ഹാക്ക് ചെയ്തിട്ടില്ലെന്നു പൊലീസ് സ്ഥിരീകരിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു.

പ്രശാന്ത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. സമൂഹമാധ്യമത്തിലൂടെ അഡിഷനല്‍ ചീഫ് സെക്രട്ടറിയെ തുടര്‍ച്ചയായി അധിക്ഷേപിച്ച പ്രശാന്തിനോട് ഇനി വിശദീകരണം ചോദിക്കേണ്ട എന്ന നിലപാടും ചീഫ് സെക്രട്ടറി സ്വീകരിച്ചിരുന്നു. എ.ജയതിലകിനെ വിമര്‍ശിച്ചും അധിക്ഷേപം ചൊരിഞ്ഞും ഇന്നലെയും സമൂഹമാധ്യമത്തില്‍ പ്രശാന്ത് കുറിപ്പിട്ടിരുന്നു. ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കര്‍ശന തീരുമാനമെടുക്കുമെന്നും റവന്യൂ മന്ത്രി കെ.രാജനും വ്യക്തമാക്കിയിരുന്നു.

Top