CMDRF

എന്‍ സി പിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം

ഇന്നലെ തൃശൂരില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് ശരത് പവാറിന് ശശീന്ദ്രന്‍ വിഭാഗം കത്തയച്ചത്

എന്‍ സി പിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം
എന്‍ സി പിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം

തിരുവനന്തപുരം: എന്‍ സി പിയിലെ മന്ത്രിമാറ്റ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ പക്ഷം. ഇന്നലെ തൃശൂരില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് ശരത് പവാറിന് ശശീന്ദ്രന്‍ വിഭാഗം കത്തയച്ചത്. മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നകയാണെന്ന് ശശീന്ദ്രന്‍ വിഭാഗം കത്തില്‍ പറയുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പാര്‍ട്ടി കമ്മിറ്റി വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങളെ ആരെയും ഇതിനായി നിയോഗിച്ചിട്ടുമില്ല. പി സി ചാക്കോയുടേത് ജനാധിപത്യ വിരുദ്ധ നിലപാടാണ്. പാര്‍ട്ടിയെ യുഡിഎഫില്‍ എത്തിക്കാനുള്ള ശ്രമമാണ് പി സി ചാക്കോ നടത്തുന്നത്. തൊണ്ണൂറ് ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും ചാക്കോയുടെ നീക്കത്തിനെതിരാണ്. പാര്‍ട്ടിയിലെ മറ്റ് നേതാക്കളെ കൂടി കേട്ട് ശരത് പവാര്‍ ന്യായമായ തീരുമാനം ഉടന്‍ എടുക്കണമെന്നും ശശീന്ദ്രന്‍ പക്ഷം കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം വര്‍ക്കല ബി രവികുമാര്‍ അടക്കം പത്ത് പേരാണ് കത്തയച്ചിരിക്കുന്നത്.

എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ എന്‍ സി പിയില്‍ ധാരണയായതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പുതിയ മന്ത്രിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത എ കെ ശശീന്ദ്രന്‍ തള്ളി. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും താന്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നുമായിരുന്നു ശശീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു തോമസ് കെ തോമസ് പറഞ്ഞത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുടെ നിലപാട്. എന്‍ സി പി മന്ത്രി സ്ഥാനം വിവാദമായ പശ്ചാത്തലത്തിലാണ് ശരത് പവാറിന്റെ ഇടപടെല്‍ ആവശ്യപ്പെട്ട് ശശീന്ദ്രന്‍ പക്ഷം കത്തയച്ചിരിക്കുന്നത്.

Top