കൊച്ചി: ഓണം റിലീസായ ആസിഫ് അലി അപര്‍ണ ബാലമുരളി ചിത്രം കിഷ്‌കിന്ധാ കാണ്ഡത്തെ വാനോളം പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാളസിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ‘കിഷ്‌കിന്ധാ കാണ്ഡം’ കണ്ടതെന്നും ആഹ്ലാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വിജയഫോര്‍മുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകന്‍ ദിന്‍ജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുല്‍ രമേഷും തെളിയിച്ചിരിക്കുന്നു. വനമേഖലയോടു ചേര്‍ന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സില്‍ നിന്നു മായില്ല.
സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാല്‍ വിജയരാഘവന്‍ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അപര്‍ണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.
സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാളസിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ‘കിഷ്‌കിന്ധാ കാണ്ഡം’ കണ്ടത്. ആഹ്‌ളാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോര്‍മുലയെന്നു പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയചിത്രം ഒരുക്കാമെന്ന് സംവിധായകന്‍ ദിന്‍ജിത്തും തിരക്കഥാകൃത്തും ക്യാമറാമാനമായ ബാഹുല്‍ രമേഷും തെളിയിച്ചിരിക്കുന്നു. വനമേഖലയോടു ചേര്‍ന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സില്‍ നിന്നു മായില്ല.
സൂക്ഷ്മമായ അഭിനയത്തിലൂടെയും ശബ്ദ നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാന്‍. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാല്‍ വിജയരാഘവന്‍ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അപര്‍ണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ! സംഗീതമൊരുക്കിയ മുജീബിനും പുതിയ തലമുറയില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്ന ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ജോബി ജോര്‍ജ്ജിനും സ്‌നേഹവും അഭിനന്ദനങ്ങളും. എല്ലാ പ്രതിസന്ധികളേയും മറി കടക്കാന്‍ നമുക്ക് നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി. ‘കിഷ്‌കിന്ധാ കാണ്ഡം’ തീര്‍ച്ചയായും ഒരു മറുപടിയാണ്.