കർണാടക: അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘം നദിയിലിറങ്ങി കൃത്യമായ പരിശോധന നടത്തിയതായി കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ. ഞായറാഴ്ച വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. കഴിഞ്ഞ 12 ദിവസമായി ശ്രമകരമായ ദൗത്യവുമായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നദിയുടെ ആഴത്തിൽ സംഘം പരിശോധിച്ചിരുന്നു. ആഴത്തിൽ ചെളിയും പാറയും കലർന്ന അവസ്ഥയിലാണ്. നദിയിൽ നല്ല ഒഴുക്കുമുണ്ട്. വലിയ ബുദ്ധിമുട്ടാണ് തിരച്ചിൽ ദൗത്യത്തിനെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇന്ന് എന്തെങ്കിലും ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ട്രക്കിനു മുകളിലോ മനുഷ്യന് മുകളിലോ മണ്ണുംചെളിയും നിറഞ്ഞിരിക്കുകയാണെങ്കിൽ ദൗത്യം ഏറെ ദുഷ്കരമാകും.
നദിയുടെ ആഴങ്ങളിൽ മുഴുവനും മണ്ണും ചെളിയുമാണ്. തകർന്ന മരങ്ങൾ പോലും നദിയുടെ അടിയിലുണ്ട്. അതിനകത്തേക്ക് പോയി തിരച്ചിൽ നടത്തുന്നവർ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഈശ്വർ മാൽപെ ഞായറാഴ്ചയും ദൗത്യത്തിന്റെ ഭാഗമാകുമോ എന്ന് ചർച്ചചെയ്ത് തീരുമാനിക്കും. നദിയുടെ ആഴവും ഒഴുക്കുമൊന്നും കാര്യമാക്കാതെ ദൗത്യത്തിനൊപ്പം നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ഈശ്വർ മാൽപെ, എസ്.പി., ജില്ലാ കളക്ടർ എന്നിവർ ശനിയാഴ്ച വൈകീട്ട് യോഗം ചേരുമെന്ന് കൃഷ്ണ സെയിൽ അറിയിച്ചു. തുടർന്നുള്ള തീരുമാനങ്ങൾ മാധ്യമങ്ങളേയും അധികൃതരെയും അറിയിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.