CMDRF

കരിപ്പൂര്‍ വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു

കരിപ്പൂര്‍ വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു
കരിപ്പൂര്‍ വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു

കരിപ്പൂര്‍: 2015ല്‍ കരിപ്പൂര്‍ വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു. ഒക്ടോബര്‍ 27ന് സര്‍വീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയില്‍ ഏഴു സര്‍വീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്. ജിദ്ദയിലേക്ക് ആഴ്ചയില്‍ നാലും റിയാദിലേക്ക് ആഴ്ചയില്‍ മൂന്നും സര്‍വീസുകളുണ്ടാകും. നവംബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പതിനൊന്നായി ഉയര്‍ത്താനും പദ്ധതിയുണ്ട്. കോഡ് ഇ വിഭാഗത്തില്‍പ്പെടുന്ന വലിയ വിമാനമാണ് സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവില്‍ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ വിമാനത്താവളങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

അപകടം അന്വേഷിച്ച കമ്മിഷന്‍ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കരിപ്പൂരില്‍ ഏര്‍പ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങള്‍ക്ക് വിലക്ക് തുടരുകയായിരുന്നു. സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താല്‍ കരിപ്പൂര്‍ വിട്ട എമിറേറ്റ്‌സ് എയര്‍, ഒമാന്‍ എയര്‍ എന്നിവയ്ക്കും മടങ്ങിയെത്താനുള്ള വഴിതെളിഞ്ഞു. കൂടുതല്‍ കമ്പനികള്‍ കരിപ്പൂരില്‍ സര്‍വീസ് തുടങ്ങാനും തീരുമാനം വഴിവെക്കും. മലബാറിലെ പ്രവാസികളടക്കമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും ഈ വലിയ വിമാനങ്ങളുടെ തിരിച്ചു വരവ്. 2015ല്‍ റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം വന്നതാണ് സൗദി എയര്‍ കരിപ്പൂര്‍ വിടാന്‍ കാരണമായത്. തുടര്‍ന്ന് 2020ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Top