റിയാദ്: എയര്‍ ഇന്ത്യയുമായി പങ്കാളിത്ത കരാറിന് ശ്രമം നടത്തിവരുന്നതായി സൗദി എയര്‍ലൈന്‍സ്. കോഡ് ഷെയര്‍ ഉടമ്പടിയുള്‍പ്പെടെയുള്ള കരാര്‍ പരിഗണനയിലുണ്ട്. ഇന്ത്യന്‍ സൗദി യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങളും കൂടുതല്‍ സര്‍വീസുകളും ഒരുക്കുന്നതിന്റെ ഭാഗമാണ് ഉടമ്പടി. സൗദിയ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ ആന്റ് മീഡിയ അഫയേഴ്‌സ് ജനറല്‍ മാനേജര്‍ അബ്ദുല്ല അല്‍സഹറാനിയാണ് ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇതിനിടെ സൗദിയ പുതിയ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയര്‍ബസുമായി ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ആഗോളടിസ്ഥാനത്തില്‍ വ്യോമയാന മേഖലയില്‍ വര്‍ധിച്ചുവരുന്ന മാത്സര്യത്തില്‍ പരസ്പര പങ്കാളിത്തം വര്‍ധിപ്പിക്കുക, ഇന്ത്യയില്‍ നിന്നും കൂടുതല്‍ സന്ദര്‍ശകരെ സൗദിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്.
15 ലക്ഷം സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നും സൗദിയിലെത്തിയത്. ഇത് എഴുപത്തിയഞ്ച് ലക്ഷമായി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നതായും അല്‍ഷഹ്‌റാനി പറഞ്ഞു. ഇതിനിടെ സൗദിയ കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതിനായി എയര്‍ബസുമായി ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. സൗദിയയുടെയും ഫ്‌ളൈഡീലിന്റെയും ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് കഴിഞ്ഞ മാസം 105 നാരോ ബോഡോ എയര്‍ബസ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ 180 വിമാനങ്ങളുടെ ആവശ്യമുണ്ടെന്നാണ് സൗദിയ മേധവി അല്‍ഷഹ്‌റാനി പറഞ്ഞു.