യുദ്ധത്തിൽ വലഞ്ഞ് ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് ഭക്ഷണസാധനങ്ങളുടെ വിതരണം തുടർന്ന് സൗദി അറേബ്യ. സൗദി പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ആണ് ദുരിതാശ്വാസ വിമാനങ്ങൾ അയച്ചത്. ഗുണനിലവാരമുള്ള ഭക്ഷണ സാധങ്ങളും മറ്റു അവശ്യവസ്തുക്കളുമാണ് വിതരണം തുടരുന്നത്. ജോർഡനുമായി സഹകരിച്ചാണ് നടപടി.
രണ്ട് ദുരിതാശ്വാസ വിമാനങ്ങളാണ് സാധനങ്ങളുമായി തിങ്കളാഴ്ച ജോർഡനിൽ ഇറങ്ങിയത്. ഇസ്രായേൽ അധിനിവേശ സേന പലസ്തീനിലേക്കുള്ള അതിർത്തികൾ അടച്ചതുമൂലമുണ്ടായ ബുദ്ധിമുട്ടുകൾ മറികടക്കാനാണ് ജോർഡൻ സായുധസേനയുടെ സഹകരണത്തോടെ ദുരിതാശ്വാസ പദ്ധതിക്ക് വഴി തുറന്നത്.
Also Read: കുവൈറ്റിൽ 47,000 ഡെലിവറി വാഹനങ്ങളെന്ന് റിപ്പോർട്ട്
പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കുമിടയിൽ പലസ്തീനികൾക്കൊപ്പം ഉറച്ചുനിന്ന സൗദിയുടെ നിരവധി സാമ്പത്തിക, ജീവകാരുണ്യ സഹായങ്ങൾ ആഗോള തലത്തിൽ തന്നെ ഇതിനകം ഏറെ ശ്രദ്ധേയമായതാണ്. അതേസമയം ദുരിതാശ്വാസ സാധനങ്ങൾ റഫയിൽ ഇസ്രായേൽ തടയുന്ന അവസ്ഥ തുടരുന്നതായാണ് റിപ്പോർട്ടുകളുള്ളത്. ജീവകാര്യണ്യ സംവിധാനങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ നടത്തുന്ന ഇസ്രായേലിനെതിരെ ഇതിനകം ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും ഇപ്പോൾ കൂടുതൽ ശക്തമായിരിക്കുകയാണ്.