റിയാദ്: ഇതുവരെ കാട്ടിക്കൂട്ടിയ എല്ലാ ക്രൂര ചെയ്തികള്‍ക്കും ഇസ്രായേലിനോട് വിശദീകരണം ചോദിക്കാനോ ഉചിത നടപടി കൈക്കൊള്ളാനോ ഐക്യരാഷ്ട്രസഭയ്ക്ക് സാധിച്ചിട്ടില്ല. നീതിയിൽ അധിഷ്ഠിതമായ ലോകക്രമം ഉണ്ടാകാൻ ഐക്യരാഷ്ട്രസഭയിൽ അടിമുടി മാറ്റം അനിവാര്യമാണെന്ന് സൗദി അറേബ്യ. 79-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യുയോർക്കിലെ യു.എൻ ആസ്ഥാനത്ത് ഭാവികാര്യങ്ങൾ സംബന്ധിച്ച് നടന്ന ഉച്ചകോടിയിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആണ് നിലപാട് വ്യക്തമാക്കിയത്.
ഈ അന്താരാഷ്ട്ര കൂട്ടായ്മയിൽ ഏൽപ്പിക്കപ്പെട്ട ലക്ഷ്യവും ഉദ്ദേശ്യവും എന്താണോ അത് നിറവേറ്റാന്‍ നിലവിലെ സംവിധാനം യോഗ്യമല്ല.ലോക സമാധാനവും സുരക്ഷയും തകര്‍ക്കുകയും വികസന പ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുന്ന, ഭീഷണികള്‍ നേരിടുന്നതിലുള്ള ഉത്തരവാദിത്തങ്ങള്‍ നിർവഹിക്കാൻ സാധിക്കുംവിധം ഐക്യരാഷ്ട്ര സംവിധാനം അടിമുടി അടിയന്തരമായി അഴിച്ചുപണിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: പൊതുമാപ്പിൽ വീണ്ടും ഇളവ്: പുതിയ നിർദ്ദേശം നൽകി യുഎഇ
ഒരു മികച്ച , ഹരിത ലോകം കെട്ടിപ്പടുക്കാന്‍ സാധ്യമായ എല്ലാം ചെയ്യണമെന്ന് ബോധ്യമുള്ളതിനാല്‍ ലോകത്തിന്റെ ഭാവി സംബന്ധിച്ച കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യ സജീവമായാണ് പങ്കെടുത്തതെന്ന് ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമകാലിക വെല്ലുവിളികളെയും ഭാവിയിലെ വെല്ലുവിളികളെയും ഫലപ്രദമായി നേരിടാനും ഭാവി തലമുറയുടെ പ്രയോജനത്തിനായി സമാധാനവും സുരക്ഷയും കൈവരിക്കാനും നാം ബഹുരാഷ്ട്രവാദത്തെ പ്രോത്സാഹിപ്പിക്കണം.
Also Read: സുരക്ഷ ലംഘനം; പിടികൂടിയ പ്രവാസികളെ നാടുകടത്തും
കരാര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതിന് വിവിധ വെല്ലുവിളികള്‍ നേരിടാനും ലോകമെമ്പാടുമുള്ള ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതുണ്ട്. അടിസ്ഥാന തത്വങ്ങളുമായി കരാറിനെ യോജിപ്പിച്ചിരിക്കുന്നു. ഈ ഉടമ്പടി ബഹുരാഷ്ട്ര പ്രവര്‍ത്തനത്തില്‍ ഗുണപരമായ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ന്യായവും തുല്യവുമായ ഒരു ലോകക്രമം ഇത് വാഗ്ദാനം ചെയ്യുന്നു.