വിനോദ സഞ്ചാരികൾക്ക് സ്പേസ് ബലൂണുമായി സൗദി അറേബ്യ, അവസാനഘട്ട പരീക്ഷണം സെപ്തംബറിൽ

വിനോദ സഞ്ചാരികൾക്ക് സ്പേസ് ബലൂണുമായി സൗദി അറേബ്യ, അവസാനഘട്ട പരീക്ഷണം സെപ്തംബറിൽ
വിനോദ സഞ്ചാരികൾക്ക് സ്പേസ് ബലൂണുമായി സൗദി അറേബ്യ, അവസാനഘട്ട പരീക്ഷണം സെപ്തംബറിൽ

റിയാദ്: വിനോദ സഞ്ചാരികൾക്കായുള്ള സ്പേസ് ബലൂൺ പരീക്ഷിക്കാൻ സൗദി അറേബ്യ. സെപ്തംബറിലാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് സ്റ്റാർട്ടപ്പായ ഹാലോ സ്പേസാണ് ബലൂൺ നിർ‌മ്മാണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്‌. സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷൻ സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനുമായി സഹകരിച്ചാണ് ഹാലോ ദൗത്യത്തിന് ഒരുങ്ങുന്നത്. പരീക്ഷണ ദൗത്യത്തിൽ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നാണ് ഹാലോ സ്പേസ് പ്രതികരിക്കുന്നത്.

യാതൊരുവിധ മലീനികരണവുമില്ലാതെ മനുഷ്യർക്ക് ഭൗമോപരിതലത്തിൽ നിന്ന് സ്ട്രാറ്റോസ്ഫിയറിൽ സഞ്ചരിക്കാൻ ഈ ബലൂണിലൂടെ സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടമായി വിലയിരുത്തപ്പെടുന്നത്. ഒരാൾക്ക് 1.5 ലക്ഷം പൗണ്ടോളം (ഏകദേശം 13748250 രൂപ) ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് യാത്രികരും പൈലറ്റുമടക്കം ഒമ്പത് പേർക്ക് ബലൂണിൽ യാത്ര ചെയ്യാനാവും. 35 കിമീ ഉയരത്തിലാണ് ഇത് യാത്ര ചെയ്യുക. ഈ ഉയരത്തിൽ നിന്ന് ഭൂമിയെ നോക്കിക്കാണാൻ സഞ്ചാരികൾക്ക് സാധിക്കും.

അറോറ എന്ന് വിളിക്കുന്ന ഒരു പ്രോട്ടോടൈപ്പ് പേടകത്തെ 30 കീമി ഉയരത്തിലെത്തിക്കുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. 2026ൽ വ്യാവസായികമായി പ്രവർത്തനം ആരംഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ ഭാഗമായുള്ള ആറാമത്തെ പരീക്ഷണമാണ് സെപ്തംബറിൽ നടക്കുക. ക്യാപ്സൂൾ സൗദി അറേബ്യയുടെ 30 കിലോമീറ്റർ ഉയരത്തിലൂടെയാവും പരീക്ഷണം നടത്തുക. ഹാലോയുടെ ആദ്യ പരീക്ഷണം നടന്നത് ഇന്ത്യയിലും കാലിഫോർണിയയിലുമായി ആയിരുന്നു. ഈ ദൗത്യം വിജയകരമായാൽ അടുത്ത വർഷം മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്ര നടത്തിയേക്കുമെന്നാണ് സൂചന. ഇതിന് ശേഷം 2026 ൽ ആയിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രകൾ ആരംഭിക്കുകയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

Top