ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യ പങ്കെടുക്കില്ല. മിസ് യൂണിവേഴ്‌സില്‍ പങ്കെടുക്കാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളൊന്നും സൗദി അറേബ്യ നടത്തിയിട്ടില്ലെന്നും അത്തരം അവകാശവാദങ്ങള്‍ തെറ്റാണെന്നും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സംഘാടകര്‍ വ്യക്തമാക്കി. മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിക്കുമെന്ന് സൗദി മോഡല്‍ റൂമി അല്‍ഖഹ്താനി സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ വൈറലായത്. സൗദി പതാക പിടിച്ച് നില്‍ക്കുന്ന അല്‍ഖഹ്താനിയുടെ പോസ്റ്റ് ലോകമെങ്ങും ഏറ്റെടുത്തിരുന്നു. ഇതോടെ കിരീടത്തിനായി മത്സരിക്കുന്ന ആദ്യ സൗദി വനിതയാകും റൂമി എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
മിസ് യൂണിവേഴ്‌സ് മത്സരത്തിനായി മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് അതി കഠിനമായ പ്രക്രിയയാണെന്നും ഓരോ രാജ്യത്തിന്റെയും തെരഞ്ഞെടുപ്പ്, ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഈ വര്‍ഷം മെക്‌സിക്കോയില്‍ നടക്കുന്ന മത്സരത്തില്‍ നൂറിലധികം രാജ്യങ്ങള്‍ പങ്കെടുക്കും, എന്നാല്‍ സൗദി അറേബ്യ ഇതുവരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.
ഈ വര്‍ഷം സെപ്തംബറില്‍ മെക്‌സിക്കോയില്‍ വച്ചാണ് 73ാം മിസ് യൂണിവേഴ്‌സ് മത്സരം നടക്കുക. നൂറിലധികം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. അതേസമയം സംഘാടകരുടെ പ്രസ്താവനയോട് മോഡല്‍ റൂമി അല്‍ ഖഹ്താനി ഇതുവരെ പ്രതികരിച്ചിട്ടില്ല. മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ മത്സരങ്ങളില്‍ അല്‍ഖഹ്താനി ഇതിനകം സൗദി അറേബ്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. റിയാദ് സ്വദേശിയായ റൂമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 10 ലക്ഷം പേരാണ് റൂമിയെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് റൂമി താന്‍ സൗദിയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കടുക്കുമെന്ന് പ്രഖ്യാപിച്ചത്. ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറഞ്ഞിരുന്നു.