റിയാദ്: രാജ്യാന്തര വിനോദസഞ്ചാര വളര്‍ച്ചയില്‍ സൗദി അറേബ്യയുടെ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിലും ടൂറിസം വരുമാനത്തിന്റെ വളര്‍ച്ചയിലും ജി20 രാജ്യങ്ങളുടെ പട്ടികയില്‍ സൗദി മുന്നിലാണ്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സൗദി 73 ശതമാനം വര്‍ധന കൈവരിച്ചു. സെപ്റ്റംബറില്‍ യു.എന്‍ ടൂറിസം സംഘടന പുറത്തിറക്കിയ ബാരോമീറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച് സൗദിയിലേക്കുള്ള അന്താരാഷ്ട്ര ടൂറിസം വരുമാനം 207 ശതമാനമാണ് വര്‍ധിച്ചത്.
സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഈ വര്‍ഷം എത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 73 ശതമാനം വര്‍ധിച്ചു. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ വിദേശത്ത് നിന്ന് സൗദിയില്‍ ഏകദേശം 1.75 കോടി വിനോദ സഞ്ചാരികളെത്തിയെന്നാണ് കണക്ക്.
2019നെ അപേക്ഷിച്ച് 2023ല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സൗദി 56 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എണ്ണം 2.74 കോടിയായി ഉയര്‍ന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കായുള്ള 2023ലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ വളര്‍ച്ചാനിരക്ക് സൂചികയില്‍ ഐക്യരാഷ്ട്രസഭയുടെ ടൂറിസം പട്ടികയില്‍ സൗദി അറേബ്യ ഒന്നാമതെത്തി. 2023ല്‍ 38 ശതമാനം വാര്‍ഷിക വര്‍ധനയോടെ 48 ശതകോടി റിയാലിന്റെ മിച്ചം രേഖപ്പെടുത്തി.
ഈ സെപ്റ്റംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ‘സൗദി വിഷന്‍ 2030’ന്റെ ചട്ടക്കൂടിനുള്ളില്‍ ടൂറിസം മേഖല സൗദിയില്‍ കൈവരിച്ച മഹത്തായതും അത്ഭൂതപൂർണ്ണവുമായ നേട്ടങ്ങളെയും കുതിപ്പിനെയും അന്താരാഷ്ട്ര നാണയ നിധി പ്രശംസിച്ചിരുന്നു. സൗദി ടൂറിസം ഏറ്റവും പ്രധാനപ്പെട്ട മേഖലയായി ഉയര്‍ന്ന് സേവനമേഖലയിലെ സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ റിപ്പോര്‍ട്ട് പ്രത്യേകം അഭിനന്ദിച്ചിരുന്നു.
Also Readരാജ്യത്ത് ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം
സന്ദര്‍ശകരുടെ എണ്ണം, ചെലവ്, തൊഴില്‍ സൃഷ്ടിക്കല്‍, മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്കുള്ള സംഭാവന എന്നിവയില്‍ ടൂറിസം മേഖല ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തിയതായും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ നേട്ടങ്ങള്‍ ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദിയുടെ സ്ഥാനം വര്‍ധിപ്പിക്കുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിലെ തുടര്‍ച്ചയായ വളര്‍ച്ച സൗദിയിലെ ആകര്‍ഷകമായ ടൂറിസം ഓപ്ഷനുകളിലും അവരുടെ വൈവിധ്യത്തിലുമുള്ള വിനോദസഞ്ചാരികളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്.