പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമിട്ട് സൗദി ആരോഗ്യ മന്ത്രാലയം

സാമൂഹിക പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിത്

പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമിട്ട് സൗദി ആരോഗ്യ മന്ത്രാലയം
പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമിട്ട് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: രാജ്യത്ത് പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിഷേൻ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന മരുന്നുകൾ കഴിക്കുന്നവർ, 50 വയസിന് മുകളിലുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസിനുമിടയിലെ കുട്ടികൾ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, ആരോഗ്യ മേഖലയിലെ തൊഴിലാളികൾ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരാണ് സീസണൽ ഇൻഫ്ലുവൻസ ബാധിക്കുമ്പോൾ സങ്കീർണതകൾക്ക് ഏറ്റവും സാധ്യതയുള്ളവരെന്ന് മന്ത്രാലയം വിശദീകരിച്ചു.

സീസണൽ ഇൻഫ്ലുവൻസ വാക്സിൻ പ്രത്യേകിച്ച് മുകളിൽ പറഞ്ഞ വിഭാഗക്കാർക്ക് സുരക്ഷിതവും ആവശ്യവുമാണ്. കഠിനമായ അസുഖത്തിൽ നിന്നുള്ള സങ്കീർണതകൾ, അത് മൂലം മരണമുണ്ടാകാനുള്ള സാധ്യത എന്നിവ കുറയ്ക്കുന്നതിന് വാക്നിനേഷൻ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. വാക്സിൻ എടുക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂപേപ്പർ ഉപയോഗിക്കുക, എന്നിവ സീസണൽ ഇൻഫ്ലുവൻസയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്.

Also Read: ജിദ്ദ- മുന്ദ്ര തുറമുഖങ്ങള്‍ക്കിടയില്‍ പുതിയ കാര്‍ഗോ കപ്പല്‍ സര്‍വിസിന് തുടക്കം

കടുത്ത ലക്ഷണങ്ങളിൽനിന്ന് വലിയ അളവോളം സംരക്ഷിക്കുന്നതിൽ വാക്സിൻ പ്രധാന പങ്ക് വഹിക്കുന്നു. അണുബാധയ്ക്കും സങ്കീർണതകൾക്കും സാധ്യതയുള്ള വിഭാഗങ്ങളിൽനിന്ന് കുടുംബ ചുറ്റുപാടുകളെയും സംരക്ഷിക്കുന്നു. വാക്സിനേഷന് ‘മൈ ഹെൽത്ത്’ (സിഹ്വതി) എന്ന ആപ്പ് വഴി ബുക്ക് ചെയ്യാം. രാജ്യത്തെ സ്വദേശികളും വിദേശികളുമായ എല്ലാവർക്കും ഇത് ലഭ്യമാണ്. വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ വാക്സിൻ ഡോസ് വർഷം തോറും എടുക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Top