ദമ്മാം: നാഷനൽ ലേബർ ഒബ്സർവേറ്ററി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കാര്യത്തിൽ ജി20 രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. തൊഴിൽ വിപണിയിലെ സ്ത്രീകളുടെ വളർച്ചാനിരക്ക് 5.5 ശതമാനമായി ഉയർന്നു. നിരവധി കാരണങ്ങളാണ് ഈ നേട്ടത്തിനു പിന്നിൽ. മാനവവിഭവശേഷി മന്ത്രാലയം ആവിഷ്കരിച്ച സ്ത്രീ പങ്കാളിത്തത്തെ പിന്തുണക്കുന്ന സംരംഭങ്ങൾ, ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന യുവജനങ്ങളുടെ സാന്നിധ്യം എന്നിവയാണ് ഈ വളർച്ചയെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ.
പുരുഷ ജീവനക്കാരുടെ വളർച്ചാനിരക്കിൽ ഒബ്സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ജി20 രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനത്താണ് സൗദി.
റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി നേടുന്ന സ്വദേശി പൗരരുടെ എണ്ണം ജൂൺ മാസത്തെ അപേക്ഷിച്ച് ജുലൈയിൽ ഇരട്ടിയായി.
ജൂണിൽ 16,500 പേർ പുതുതായി ജോലിയിൽ പ്രവേശിച്ചപ്പോൾ ജൂലൈയിൽ അത് ഇരട്ടിയായി. 34,600 പേർക്കാണ് പുതുതായി ജോലി ലഭിച്ചത്. ഒരു മാസത്തിനുള്ളിൽ തൊഴിൽ നേടിയവരുടെ എണ്ണം ഇരട്ടിയായത് സൗദി സമ്പദ് വ്യവസ്ഥയിലെ സ്വകാര്യ മേഖലയുടെ കരുത്ത് തെളിയിക്കുന്നതാണ്.
സ്വകാര്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 11,473,000 ആയെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം പ്രവാസികൾക്കും തൊഴിൽ ഉറപ്പാക്കുന്ന കാര്യത്തിൽ രാജ്യം മുന്നോട്ടാണ്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം ജൂലൈയിൽ 9,131,000 ആയി ഉയരുകയാണ് ചെയ്തത്.