റിയാദ്: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം ജൂലൈയില്‍ സ്ഥിരത കൈവരിച്ചതായി സൗദി മന്ത്രിസഭായോഗം വിലയിരുത്തി. സമ്പദ് വ്യവസ്ഥയില്‍ കരുത്തും ദൃഢതയും വര്‍ധിച്ചുവരുന്ന ആഗോള വിലകളുടെ തരംഗത്തെ നേരിടാന്‍ സ്വീകരിച്ച പദ്ധതികളുടെയും സജീവമായ നടപടികളുടെയും ഫലപ്രാപ്തിയാണിതെന്നും യോഗം വിശകലനം ചെയ്തു. കൂടാതെ മേഖലയിലെയും ലോകത്തെയും ഏറ്റവും പുതിയ സംഭവങ്ങളും സംഭവവികാസങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു.
ജിദ്ദയില്‍ മുന്‍ ചര്‍ച്ചകളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഫലങ്ങള്‍ അനുസരിച്ച് സുഡാനെ പിന്തുണക്കാനും മാനുഷിക സഹായം നല്‍കാനും ശത്രുത അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സഹോദര-സൗഹൃദ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സൗദി നടത്തിയ ശ്രമങ്ങള്‍ മന്ത്രിസഭ സൂചിപ്പിച്ചു.