CMDRF

അത്തിപ്പഴം ഉല്‍പ്പാദനത്തില്‍ മുന്നേറ്റവുമായി സൗദി

അത്തിപ്പഴം ഉല്‍പ്പാദനത്തില്‍ മുന്നേറ്റവുമായി സൗദി
അത്തിപ്പഴം ഉല്‍പ്പാദനത്തില്‍ മുന്നേറ്റവുമായി സൗദി

യാംബു: അത്തിപ്പഴ ഉല്‍പാദനത്തില്‍ സൗദി അറേബ്യ വന്‍ കാര്‍ഷികമുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ട്. അത്തിയുടെ കാര്‍ഷികോല്‍പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തുടനീളമുള്ള 1,421 ഹെക്ടര്‍ സ്ഥലത്ത്അ ത്തിപ്പഴ കൃഷി നടക്കുന്നു. മൊത്തം ഉല്‍പാദനം 28,000 ടണ്‍ കവിഞ്ഞതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക ഉല്‍പാദനത്തില്‍ ജീസാന്‍ മേഖലയാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ റിയാദ് മേഖലയാണ്. ജീസാനില്‍ 9,906 ടണ്ണും റിയാദ് മേഖലയില്‍ 8,010 ടണ്ണുമാണ് വാര്‍ഷിക ഉല്‍പാദനം. അസീര്‍ 3,970ഉം മക്ക 1,635ഉം ഹാഈല്‍ 1,033ഉം അല്‍ ജൗഫ് 874ഉം അല്‍ ബാഹ 790ഉം അല്‍ ഖസിം 737ഉം നജ്റാന്‍ 645ഉം തബൂക്ക് 348ഉം മദീന 245ഉം വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ 36ഉം ടണ്‍ അത്തിപ്പഴ ഉല്‍പാദനമാണ് രാജ്യത്ത് വാര്‍ഷികാടിസ്ഥാനത്തില്‍ നടക്കുന്നതെന്ന് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി മുതല്‍ നവംബര്‍ വരെയാണ് സൗദിയില്‍ പ്രധാനമായും
അത്തിപ്പഴ ഉല്‍പ്പാദന സീസണ്‍.

വിവിധ തരത്തിലുള്ള പ്രാദേശികയിനങ്ങള്‍ വിവിധ അളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്നു. മദനി, ടര്‍ക്കിഷ്, വസീരി, കടോട, വൈറ്റ് കിങ് തുടങ്ങിയ ഇനങ്ങളാണ് സൗദിയില്‍ ഏറ്റവും പ്രചാരത്തിലുള്ളത്. രാജ്യത്തുടനീളമുള്ള സുസ്ഥിര കാര്‍ഷിക ഗ്രാമവികസന പരിപാടിയിലൂടെ അത്തിപ്പഴത്തിന്റെ ഉല്‍പാദനം, സംസ്‌കരണം, വിപണനം എന്നിവ വികസിപ്പിക്കുന്നതിനായി മന്ത്രാലയം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന പഴവര്‍ഗങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം വളര്‍ത്താനും വിപണനവും വിതരണവും മെച്ചപ്പെടുത്തി കര്‍ഷകരെ സഹായിക്കാനും സര്‍ക്കാര്‍ വിവിധ രീതിയില്‍ പ്രോത്സാഹന പരിപാടികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യാന്‍ ആവശ്യമായ സേവനങ്ങള്‍ ഒരുക്കാനും അത്തിപ്പഴ വിളവെടുപ്പ് ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനും മന്ത്രാലയം കൂടുതല്‍ ഊന്നല്‍ നല്‍കിയതോടെ രാജ്യത്ത് അത്തിപ്പഴ കാര്‍ഷികമേഖലക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ വഴിവെച്ചതായി വിലയിരുത്തുന്നു.

Top