CMDRF

അര്‍ജന്റീനയുടെ പരിശീലകനായി ഇനിയും തുടരാന്‍ തയ്യാറാണെന്ന് സ്‌കലോണി

അര്‍ജന്റീനയുടെ പരിശീലകനായി ഇനിയും തുടരാന്‍ തയ്യാറാണെന്ന് സ്‌കലോണി
അര്‍ജന്റീനയുടെ പരിശീലകനായി ഇനിയും തുടരാന്‍ തയ്യാറാണെന്ന് സ്‌കലോണി

ബ്യൂണസ് അയേഴ്സ്: കോപ്പാ അമേരിക്ക ജയത്തിന് ശേഷം അര്‍ജന്റീന ടീം നാട്ടിലേക്കെത്തി. കിരീടം നിലനിര്‍ത്തിയ ടീമിന് വന്‍ സ്വീകരണമായിരുന്നു. കിരീടത്തിന് ശേഷം വലിയ ആഘോഷമായിരുന്നു അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍. ഇന്നലെ ആഘോഷത്തിനിടെ നിയന്ത്രണം വിട്ട ആരാധകര്‍ക്ക് നേരെ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. അതേമയം, അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി തുടരുമെന്ന് ലിയോണല്‍ സ്‌കലോണി. തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരന്നു അര്‍ജന്റൈന്‍ പരിശീലകന്‍.

2026ലെ ലോകകപ്പ് വരെ കരാറുണ്ടെങ്കിലും കോപ്പയ്ക്ക് ശേഷം സ്‌കലോണി സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള ഭിന്നതയെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയാണെന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കിടെ സ്‌കലോണി പറഞ്ഞിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പരിശീലകനായി തുടരുമെന്നും അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അനുവദിക്കുകയാണെങ്കില്‍ പതിനഞ്ചുവര്‍ഷത്തേക്കുളള കരാര്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാണെന്നും സ്‌കലോണി പറഞ്ഞു. സ്‌കലോണിക്ക് കീഴിലാണ് അര്‍ജന്റീന രണ്ട് കോപ്പയും ഒരു ലോകകപ്പും ഫൈനലിസിമയും സ്വന്തമാക്കിയത്.

ലോകകപ്പ് നേട്ടത്തിന് ശേഷം, തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ തുടരൂവെന്ന നിലപാടിലായിരുന്നു സ്‌കലോണി. ലോകകപ്പ് സമ്മാനിച്ചിട്ടും തനിക്കും സഹപരിശീലകര്‍ക്കും അതിനൊത്ത പരിഗണനയും പാരിതോഷികവും നല്‍കാത്തതിലും അസംതൃപ്തനാണ് സ്‌കലോണിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ടാപിയയുമായി സ്‌കലോണിയുടെ ബന്ധം വഷളായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജന്റീനയെ വലിയ വിജയങ്ങളിലേക്ക നയിച്ച, ആരും പേടിക്കുന്ന സംഘമാക്കി മാറ്റിയ സ്‌കലോണിയെ വിട്ടുകളയാന്‍ അസോസിയേഷന്‍ തയ്യാറായില്ല. സ്‌കോലോണിക്ക് കീഴിലാണ് അര്‍ജന്റീന രണ്ട് കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങള്‍ നേടിയത്. സ്‌കലോണിസത്തിന് കീഴില്‍ അര്‍ജന്റീന ഇപ്പോഴും ഒന്നാം നമ്പര്‍ ടീമായി നില്‍ക്കുന്നു.

Top