കൊച്ചി: മലയാള സിനിമ രംഗത്ത് ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുന്നറിയിപ്പ്. മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത കുറിപ്പും നിര്‍മ്മാതാക്കളുടെ സംഘടന പുറത്തിറക്കി. നിലവില്‍ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ വാങ്ങുന്ന കമ്പനികളുടെ പേരിലും, ഇത്തരത്തില്‍ രംഗത്ത് വരാനിരിക്കുന്ന കമ്പനികളുടെയും പേരിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോടികള്‍ മുടക്കി ചലച്ചിത്രം എടുത്തിട്ടും സാറ്റ്‌ലെറ്റ്, ഒടിടി അവകാശങ്ങള്‍ വിറ്റുപോകാത്ത നിര്‍മ്മാതാക്കളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്.
ഒടിടി കമ്പനികളിലും സാറ്റ്‌ലെറ്റ് വാങ്ങുന്ന ചാനലുകളിലും തങ്ങള്‍ക്ക് സ്വാധിനമുണ്ടെന്ന് പറയുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം എന്ന് വാര്‍ത്ത കുറിപ്പ് പറയുന്നത്. നിലവില്‍ മലയാള സിനിമ സാറ്റ്‌ലെറ്റ് ഒടിടി രംഗത്ത് ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഇത് മുതലെടുത്താണ് ഇവരുടെ പ്രവര്‍ത്തനം എന്നും. അതിനാല്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. അതേ സമയം ഒരു സിനിമ തീയറ്ററില്‍ ഇറക്കിയാലും. അതിന്റെ തീയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം അതിന് ഒരു ലൈഫ് നല്‍കുന്ന റിലീസായിരുന്നു ഒടിടി റിലീസുകള്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഒടിടി റിലീസ് വലിയ ആശ്വാസമായിരുന്നു. ഒരു വലിയ വരുമാനം ആ വഴിയും വരുന്നു. ചിലപ്പോള്‍ തീയറ്ററില്‍ വലിയ ലാഭം ഉണ്ടാകാതിരുന്ന ചിത്രങ്ങള്‍ക്ക് ഒടിടി വില്‍പ്പന വലിയ ലാഭം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒടിടിയുടെ ഈ നല്ലകാലം മലയാളത്തില്‍ കഴിഞ്ഞുവെന്നാണ് അടുത്തിടെ പല ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് വിവിധ മീഡിയ റിപ്പോര്‍ട്ടുകളും വന്നിരുന്നു.
വന്‍ ഹിറ്റായ മലയാള ചിത്രങ്ങള്‍ പോലും വലിയ വിലപേശലിന് ശേഷമാണ് അടുത്തിടെ ഒടിടിയില്‍ വിറ്റുപോയത് എന്ന് വാര്‍ത്തയുണ്ടായിരുന്നു. വലിയ താരങ്ങള്‍ ഉണ്ടായിട്ടും പല വന്‍ ചിത്രങ്ങളും ഇതുവരെ ഒടിടിയില്‍ വന്നിട്ടും ഇല്ല. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഇത് മുതലെടുക്കാന്‍ മലയാള സിനിമ രംഗത്ത് ചില തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നത്.