ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറിലെ സരിസ്‌ക കടുവാ സങ്കേതത്തില്‍ നിന്നും പുറത്തുചാടിയ കടുവ ഖൈര്‍താല്‍ തിജാര ജില്ലയിലെ റെയില്‍വേ ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ ആക്രമിച്ചു. ബസ്നി ഗ്രാമത്തില്‍ താമസിക്കുന്ന താമസക്കാരനായ റെയില്‍വേ ജീവനക്കാരന്‍ വികാസ് കുമാര്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ അജര്‍ക്ക റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരനെ വിളിച്ചു. കുമാര്‍ സഹോദരനെ കാത്തുനില്‍ക്കുമ്പോള്‍ കടുവ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് വരുന്നത് കണ്ട് കടുവ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കുമാറിനെ ആക്രമിച്ചതിന് ശേഷം കടുവ അടുത്തുള്ള ദര്‍ബാര്‍പൂര്‍ ഗ്രാമത്തില്‍ എത്തി. തുടര്‍ന്ന് സതീഷ് (45), ബിനു (30), മഹേന്ദ്ര (33) എന്നീ മൂന്ന് പേരെ കടുവ ആക്രമിച്ചു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പു ലര്‍ച്ചെ മറ്റൊരു യുവാവിനെയും കടുവ ആക്രമിച്ചിരുന്നു. കടുവ കാരണം ഗ്രാമത്തിലെ ജനങ്ങള്‍ ഭീതിയിലാണെന്നും സ്‌കൂള്‍ അടച്ചുവെന്നും ദര്‍ബാര്‍പൂര്‍ സര്‍പഞ്ചവീര്‍ സിംഗ് അറിയിച്ചു. സമീപ പ്രദേശങ്ങളിലുള്ളവരോട് വീടിന് പുറത്തിറങ്ങരുതെന്ന് ഗ്രാമവാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്