ചെറുപുഴ: റോഡിലെ സീബ്ര ലൈന്‍ മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ കുട്ടികളെ അമിതവേഗത്തിൽ എത്തിയ കാര്‍ ഇടിച്ചു. ചെറുപുഴയിൽ ജെ.എം.യു.പി സ്കൂളിന് മുന്നില്‍ ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റ ജെ.എം.യു.പി സ്കൂളിലെ വിദ്യാര്‍ഥിനികളായ തീര്‍ഥ ലക്ഷ്മി, നിഹാല എന്നിവരെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്കി. ടൗണില്‍ തന്നെയുള്ള സ്കൂളിലേക്ക് റോഡ് മുറിച്ചുകടക്കാന്‍ കുട്ടികള്‍ സീബ്രലൈനിലൂടെ നടക്കുമ്പോഴാണ് കാറിടിച്ചത്. ഒരു സ്വകാര്യ ബസിനെ മറികടന്നെത്തിയ കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. സാധാരണയായി രാവിലെ 8.30 മുതല്‍ 9.30 വരെ ഇവിടെ ഹോംഗാര്‍ഡിന്റെ സേവനം ലഭിക്കാറുണ്ട്. എന്നാല്‍, ഹോംഗാര്‍ഡ് ഇവിടേക്ക് എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് അപകടം നടന്നത്.
Also Read : നാട്ടിലേക്ക് മടങ്ങിയ ശബരിമല തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു
അപകടം നടന്നയുടനെ ഓടിയെത്തിയ ചുമട്ടുതൊഴിലാളികളും സമീപത്തെ കടകളിലുണ്ടായിരുന്നവരും ചേര്‍ന്ന് കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ടൗണില്‍ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മൂന്നിടത്ത് സീബ്ര ലൈനുകളുണ്ട്. എന്നാല്‍, ടൗണില്‍ അനുവദനീയമായതിലും വേഗത്തില്‍ വാഹനമോടിച്ചെത്തുന്നവര് സീബ്രലൈന്‍ എത്തുമ്പോള്‍ ഈ വേഗം കുറക്കാറില്ല. അതിനാല്‍തന്നെ ടൗണില്‍ അപകടം പതിവാണ്. അതേസമയം സ്കൂളിന് മുന്നില്‍ വേഗനിയന്ത്രണത്തിന് റോഡ് ബാരിക്കേഡ് സ്ഥാപിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.