അബുദാബി: റോഡ് കുറുകെ കടക്കുന്നതിനിടെ വിദ്യാര്‍ഥി വാഹനമിടിച്ച് മരിച്ചതിനെ തുടര്‍ന്ന് അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍ പിക്അപ് ആന്‍ഡ് ഡ്രോപ് നിയമം കര്‍ശനമാക്കി. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും ഉത്തരവാദപ്പെട്ടവര്‍ ദിവസവും നേരിട്ട് വരണമെന്നാണ് നിബന്ധന. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്‌കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള നിയമങ്ങളാണ് കര്‍ശനമാക്കിയത്.
24 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിബന്ധന പ്രകാരം 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു മാത്രമേ തനിച്ചു പോകാന്‍ അനുമതിയുള്ളൂ. അതിനും രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്. 15 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു മാത്രമേ ഇതേ സ്‌കൂളിലെ സഹോദരങ്ങളെ (18 വരെ) കൂട്ടാനാകൂ. 14 വയസ്സുള്ള വിദ്യാര്‍ഥിയുടെ സഹോദരനോ സഹോദരിയോ ചെറിയ ക്ലാസില്‍ പഠിക്കുന്നുണ്ടെങ്കിലും രക്ഷിതാവോ അവര്‍ ഉത്തരവാദപ്പെടുത്തിയ വ്യക്തിയോ വരണം.
ചെറിയ കുട്ടികളെ സ്വകാര്യ വാഹനത്തിലോ പൊതുഗതാഗത സേവനത്തിലോ അയയ്ക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ പുതിയ അധ്യയനത്തില്‍ തുടരാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
അനുമതിപത്രം നല്‍കണം
കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും ഉത്തരവാദപ്പെട്ടവര്‍ ദിവസവും നേരിട്ട് വരണമെന്നാണ് നിബന്ധന. അതിനായി പ്രത്യേക അനുമതിപത്രം പ്രിന്‍സിപ്പലിന് എഴുതി ഒപ്പിട്ട് നല്‍കണമെന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാതാപിതാക്കളുടെയും കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാനും തിരിച്ചുകൊണ്ടുപോകാനും ചുമതലപ്പെടുത്തുന്ന ആളുടെയും ഫോട്ടോ, എമിറേറ്റ്‌സ് ഐഡി, ഫോണ്‍ നമ്പറുകള്‍ എന്നിവ അനുമതിപത്രത്തില്‍ ചേര്‍ക്കണം. ഉത്തരവാദിത്തപ്പെട്ടവരോടൊപ്പം മാത്രമേ കുട്ടികളെ തിരിച്ചയയ്ക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
കെജി മുതല്‍ 8 വരെ സൈക്കിള്‍ പാടില്ല
കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ സൈക്കിളില്‍ സ്‌കൂളില്‍ വരുന്നതു വിലക്കി. അതേസമയം, 9 മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കു സൈക്കിളില്‍ വരാന്‍ അനുമതിയുണ്ട്.
സ്‌കൂട്ടര്‍ ഓടിക്കാന്‍ 16 തികയണം
16 വയസ്സോ അതില്‍ കൂടുതലോ ഉള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് സ്‌കൂട്ടര്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവ ഉപയോഗിച്ച് സ്‌കൂളില്‍ വരാനും പോകാനും അനുമതി.
സ്‌കൂള്‍ ബസ് റൂട്ട്
കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കൂടുതല്‍ മേഖലകളിലേക്കു സ്‌കൂള്‍ ബസ് സേവനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഐ.ജെ.നസാരി അറിയിച്ചു. എന്നാല്‍, ഓരോ മേഖലകളിലേക്കും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ മാത്രമേ ബസ് സൗകര്യം ഏര്‍പ്പെടുത്തൂ. ഫോണ്‍: 0501220694.