മേപ്പാടി: ദുരന്തമേഖലയായ മുണ്ടക്കൈയിൽ 20 ദിവസത്തിനകം സ്‌കൂളുകൾ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന പ്രത്യേക യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വെള്ളാർമല സ്‌കൂളിന്റെ അതേ പേരിൽ തന്നെ സ്‌കൂൾ നിർമിക്കും.
സ്കൂളിന്റെ നിർമാണത്തിന് വിദ്യാഭ്യാസവകുപ്പ് തയ്യാറാണ്. മുണ്ടക്കൈ ജി.എൽ.പി സ്‌കൂളിന്റെ നിർമാണ പ്രവർത്തനത്തിന് മൂന്ന് കോടി രൂപ മോഹൻലാൽ നൽകിയതായും മന്ത്രി പറഞ്ഞു. മേപ്പാടി ജിഎച്ച്എസ്എസ് സ്‌കൂളിൽ നിന്ന് ക്യാമ്പുകൾ മാറുന്ന നിലയ്ക്ക് ക്ലാസുകൾ ആരംഭിക്കും. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതിന് മേൽനോട്ടം വഹിക്കും.
ദുരന്തം ബാധിച്ച രണ്ട് സ്‌കൂളുകളിൽ ആദ്യപാദ പരീക്ഷകൾ മാറ്റിവച്ചു. ബദൽ സംവിധാനം ആലോചിച്ച് തീരുമാനിക്കും. മറ്റേതെങ്കിലും സ്‌കൂളിൽ പരീക്ഷമാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ വിതരണത്തിനും നടപടിയെടുക്കും. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പ്ലാന്റേഷൻ തൊഴിലാളികൾക്കും അതിഥിതൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, സ്കൂൾ വിദ്യാഭ്യാസ അധികൃതർ, പിടിഎ പ്രതിനിധികൾ ദുരന്തബാധിത മേഖലയിലെ സ്കൂൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.