കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയുടെ തുടര്‍ചികിത്സക്കായി സമരസമിതി ഇന്ന് ക്രൗഡ് ഫണ്ടിങ് ആരംഭിക്കും. സര്‍ക്കാര്‍ മൗനം തുടരുകയാണെന്നും അഭിമാനത്തേക്കാള്‍ വലുത് ജീവനാണെന്നു തിരിച്ചറിഞ്ഞാണ് കൈനീട്ടുന്നതെന്നും ഹര്‍ഷിന പറഞ്ഞു. വയറിനുള്ളില്‍ നിന്ന് കത്രിക നീക്കം ചെയ്ത ഭാഗത്ത് വേദന കടുത്തതോടെയാണ് ഹര്‍ഷിന വീണ്ടും വൈദ്യസഹായം തേടിയത്. കത്രിക നീക്കം ചെയ്തയിടത്ത് വീണ്ടും ശസ്ത്രക്രിയ അനിവാര്യമെന്ന് കണ്ടതോടെയാണ് ചികിത്സ ചെലവിനായി ക്രൗഡ് ഫണ്ടിങ് ആരംഭിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017ല്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോഴാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ഇതിന് ശേഷം പലപ്പോഴായി ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. അഞ്ച് വര്‍ഷത്തോളം ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതാണ് പ്രശ്ന കാരണമെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ ഉപകരണം മാറ്റിയെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്നങ്ങളും പ്രയാസങ്ങളും അലട്ടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ വച്ച് അല്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നിലപാടെടുത്തത്. അതിനിടെ അന്വേഷണത്തിനൊടുവില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയും തന്നെയാണ് കുറ്റക്കാരായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അന്ന് നൂറിലേറെ ദിവസം മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ കേസില്‍ പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
‘രണ്ടു ലക്ഷം തിടുക്കപ്പെട്ട് ധന സഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍ മനപ്പൂര്‍വം മൗനം തുടരുകയാണ്. തുക ഇത് വരെയും ലഭിച്ചില്ല, വേദന സഹിച്ചാണ് ഇത്രയും കാലം നിയമ പോരാട്ടം നടത്തിയത്. എന്നാല്‍ വേദന കടുക്കുന്നു, മറ്റ് വഴികളില്ലാത്തത് കൊണ്ടാണ് കൈ നീട്ടുന്നത്’- ഹര്‍ഷിന റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഈ മാസം 21നാണ് ഹര്‍ഷിനയുടെ ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമായ പണം കൈവശമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നീട്ടിവെക്കേണ്ടി വരുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്. അതേസമയം ചികിത്സയ്ക്കും കേസ് മുന്നോട്ട് കൊണ്ടുപോവാനുമുള്ള പണം ശേഖരിച്ചാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് സമരസമിതി തീരുമാനം.