CMDRF

ചരിത്ര നേട്ടം സ്വന്തമാക്കി സ്‌കോട്‌ലന്‍ഡ് പേസര്‍

ചരിത്ര നേട്ടം സ്വന്തമാക്കി സ്‌കോട്‌ലന്‍ഡ് പേസര്‍
ചരിത്ര നേട്ടം സ്വന്തമാക്കി സ്‌കോട്‌ലന്‍ഡ് പേസര്‍

ഫോര്‍ട്ട്ഹില്‍: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കി സ്‌കോട്‌ലന്‍ഡ് പേസര്‍ ചാര്‍ലി കാസല്‍. ഒമാനെതിരെ നടന്ന ഏകദിന മത്സരത്തിലാണ് താരത്തിന്റെ നേട്ടം. മത്സരത്തില്‍ 5.4 ഓവര്‍ പന്തെറിഞ്ഞ ചാര്‍ലി കാസല്‍ 21 റണ്‍സ് വിട്ടുനല്‍കിയാണ് ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാഡയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് സ്‌കോട്‌ലന്‍ഡ് താരം മറികടന്നത്. 2015 ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച റബാഡ വെറും 16 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഒമാനെതിരായ മത്സരത്തില്‍ ചാര്‍ലി കാസലിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തില്‍ സ്‌കോട്‌ലന്‍ഡ് ഒമാനെ 91 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയിരുന്നു. ഓപ്പണര്‍ പ്രതീക് അതാവ്‌ലെ 56 പന്തില്‍ 34 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

മറുപടി പറഞ്ഞ സ്‌കോട്‌ലന്‍ഡ് 17.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 196 പന്തുകളും സ്‌കോട്ടീഷ് സംഘം ബാക്കിനിര്‍ത്തി. 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബ്രണ്ടന്‍ മക്മുല്ലനാണ് സ്‌കോട്‌ലന്‍ഡ് വിജയം എളുപ്പത്തിലാക്കിയത്. ക്യാപ്റ്റന്‍ റിച്ചി ബെറിംഗ്ടണ്‍ 24 റണ്‍സുമെടുത്തും പുറത്താകാതെ നിന്നു.

Top