മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കും

ആനടിക്കാപ്പ് മുതൽ സൂചിപ്പാറവരെയുള്ള മേഖലയിലാണ് ഇന്ന് പ്രത്യേക തിരച്ചിൽ നടത്തുക

മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കും
മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കും

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും. ആനടിക്കാപ്പ് മുതൽ സൂചിപ്പാറവരെയുള്ള മേഖലയിലാണ് ഇന്ന് പ്രത്യേക തിരച്ചിൽ നടത്തുക. ടി സിദ്ദിഖ് എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. സേനകളെയും സന്നദ്ധപ്രവർത്തകരെയും ചേർത്തുള്ള പ്രത്യേക സംഘമാകും ദുരന്തമേഖലയിൽ തിരച്ചിൽ നടത്തുകയെന്നും ടി സിദ്ദിഖ് പറഞ്ഞു. സംഘത്തിൽ 14 അംഗങ്ങളാകും ഉണ്ടാകുക. തിരച്ചിലിന് ആവശ്യമുള്ള ആയുധങ്ങൾ എത്തിക്കാൻ ദുരന്തമേഖലയിൽ മറ്റൊരു സംഘമുണ്ടാകും. ദുരന്തബാധിതർ ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തിൽ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്ന് ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള മേഖലയിലാണ് പ്രത്യേക തിരച്ചിൽ നടത്തുന്നത്. നേരത്തെ പ്രദേശങ്ങളിൽ തിരച്ചിൽ പൂർണ്ണമായി തന്നെ അവസാനിച്ചിരുന്നു.

Mundakkai

വിശദാംശങ്ങൾ ചുവടെ:

അതേസമയം വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായതായി അധികൃതർ അറിയിച്ചു. രണ്ടു ക്യാമ്പുകളിലായി ശേഷിച്ച എട്ടു കുടുംബങ്ങൾ കൂടി വാടക വീടുകളിലേക്ക് മാറി. ഇതോടെ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉള്ള നടപടി തുടങ്ങി. ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവരും അപകട ഭീഷണിയിൽ ആയവരും ഉൾപ്പെടെ 728 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. ഇരുപതോളം ക്യാമ്പുകളായിരുന്നു ദുരിത ബാധിതർക്കായി ഒരുക്കിയത്. വാടക വീടുകൾക്ക് പുറമെ, സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും, ബന്ധു വീടുകളിലേക്കുമാണ് ക്യാമ്പുകളിൽ നിന്നും ദുരന്ത ബാധിതർ മാറിയത്.

Also read: വയനാട് ദുരന്തം: ലോൺ എഴുതി തള്ളാൻ ബാങ്കേഴ്സ് സമിതിയെ സമീപിച്ച് കുടുംബശ്രീ

സർക്കാർ ഹൈക്കോടതിയിൽ നൽകിയ കണക്കുകൾ പ്രകാരം 231 മരണമാണ് ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. 178 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും സർക്കാർ അറിയിച്ചിരുന്നു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹങ്ങൾ ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളിൽ നിന്നായി ലഭിച്ച 212 ശരീരാവശിഷ്ടങ്ങളുടെ സംസ്കാരവും നടത്തി. ഇനിയും 120ഓളം പേരെയാണ് കണ്ടെത്താനുള്ളത്.

Top