കോഴിക്കോട്; കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി റഡാർ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലിലാണ് ഇനി പ്രതീക്ഷ. സൂരത്കൽ എൻഐടിയിലെ വിദഗ്ധരാണ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. മലയാളികളും സംഘത്തിലുണ്ട്.
നിലവിൽ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സിഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്.
70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച ഈ സ്ഥലം മാർക്ക് ചെയ്താണ് മണ്ണെടുത്ത് മാറ്റുന്നത്.
അർജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക റഡാർ പരിശോധന മണിക്കൂറുകൾ പിന്നിടുമ്പോഴും അർജുനെ കണ്ടെത്താനായിട്ടില്ല. സൂറത്കൽ എൻ ഐ ടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.
നേരത്തെ റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.