CMDRF

ഗംഗാവാലി നദിയിൽനിന്ന് കിട്ടിയ സിഗ്നലിൽ പ്രതീക്ഷ; അർജുനായി വീണ്ടും തിരച്ചിൽ

ഗംഗാവാലി നദിയിൽനിന്ന് കിട്ടിയ സിഗ്നലിൽ പ്രതീക്ഷ; അർജുനായി വീണ്ടും തിരച്ചിൽ
ഗംഗാവാലി നദിയിൽനിന്ന് കിട്ടിയ സിഗ്നലിൽ പ്രതീക്ഷ; അർജുനായി വീണ്ടും തിരച്ചിൽ

കാർവാർ; മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രതീക്ഷയുടെ സൂചനകൾ. തീരത്തുനിന്നു 40 മീറ്റർ മാറി പുഴയിൽ 8 മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്നൽ ലഭിച്ചതായാണു വിവരം. ഈ ഭാഗത്ത് ഇന്നു നാവികസേന തിരച്ചിൽ നടത്തും. തിരച്ചിലിനായി കൂടുതൽ സേനയും ഉപകരണങ്ങളും ഇന്നെത്തും.

16ന് രാവിലെ 8.30ന് ആണ് ഷിരൂർ കുന്നിൽനിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. കുന്നിടിഞ്ഞുവീണ മണ്ണിനൊപ്പം അർജുനും ലോറിയും പുഴയിലേക്കു വീണിരിക്കാമെന്ന സാധ്യതയിലാണ് തിരച്ചിൽ. 25 അടിയിലേറെ ആഴമുള്ള പുഴയിൽ ലോറി മണ്ണുമൂടി കിടപ്പുണ്ടാവാം.

പുഴയിൽവീണ ലോറി ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്. അപകടത്തിൽപെട്ട പാചകവാതക ടാങ്കർലോറി അപകടസ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാറി പുഴയിൽനിന്നാണു കിട്ടിയത്. അതിശക്തമായ കുത്തൊഴുക്കാണു തിരച്ചിലിനു തടസ്സമാകുന്നത്.

കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരെ സേനയുടെ നിർദേശത്തെത്തുടർന്ന് സ്ഥലത്തുനിന്നു മാറ്റി. അർജുൻ ഓടിച്ച ലോറിയുടെ എൻജിൻ അപകടത്തിന്റെ പിറ്റേന്ന് സ്റ്റാർട്ടായതായി ജിപിഎസിൽ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തിൽ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

Top