ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാഭിക്കും

ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രഡ്ജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് നീക്കം

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാഭിക്കും
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാഭിക്കും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാഭിക്കും. ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രഡ്ജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കാനാണ് നീക്കം. ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയയത്താകും ഡ്രഡ്ജര്‍ വെസല്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക.

ഡ്രഡ്ജര്‍ ഷിരൂരിലെത്തിയാല്‍ ഉടന്‍ തന്നെ ദൗത്യം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കാലാവസ്ഥ അനുകൂലമായതിനാല്‍ പെട്ടെന്ന് തന്നെ തിരച്ചില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. നാവികസേനാസംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.

ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഇന്നലെയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള ഡ്രഡ്ജറാണ് ഇത്. വെള്ളത്തിന്റെ അടിത്തട്ടില്‍ മൂന്നടി വരെ മണ്ണെടുക്കാനും കഴിയും. ഒരു ഹിറ്റാച്ചി, ക്രെയിന്‍, പുഴയില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ രണ്ട് ഭാരമേറിയ തൂണുകള്‍ എന്നിവയാണ് ഡ്രഡ്ജറിന്റെ പ്രധാന ഭാഗങ്ങള്‍.

നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിടത്താകും ആദ്യഘട്ട തിരച്ചില്‍ നടത്തുക എന്നാണ് വിവരം. ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനി കണക്കു കൂട്ടുന്നത്.

Top