മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. ചാറ്റല്‍ മഴ മാത്രമേ പെയ്യുന്നുള്ളൂവെങ്കിലും ഈ അന്തരീക്ഷത്തില്‍ ശരിയായ വിധത്തിലും സുരക്ഷിതമായും തിരച്ചില്‍ നടത്താന്‍ കഴിയില്ല എന്നതിനാലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
അടുത്ത രണ്ടുദിവസം ചാലിയാറില്‍ വിശദമായ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ പരപ്പൻപാറയ്ക്ക് സമീപത്തുനിന്ന് മൂന്ന് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്.
ഇവ സന്ധ്യയോടെ പുറത്തെത്തിച്ചു. അതേസമയം, ശരീരഭാഗങ്ങൾ കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചിട്ടും എയർലിഫ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്ന പരാതി ഉയർന്നു. ദുർഘടമായ വഴിയിലൂടെയാണ് രക്ഷാപ്രവർത്തകർ ശരീരഭാഗങ്ങൾ പുറത്തെത്തിച്ചത്.