സണ്‍റൈസ് വാലിയില്‍ ഇന്ന് തിരച്ചിൽ; ഹെലികോപ്റ്റർ സജ്ജമാക്കുമെന്ന് മന്ത്രി കെ രാജൻ

സണ്‍റൈസ് വാലിയില്‍ ഇന്ന് തിരച്ചിൽ; ഹെലികോപ്റ്റർ സജ്ജമാക്കുമെന്ന് മന്ത്രി കെ രാജൻ
സണ്‍റൈസ് വാലിയില്‍ ഇന്ന് തിരച്ചിൽ; ഹെലികോപ്റ്റർ സജ്ജമാക്കുമെന്ന് മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ദുരന്ത മേഖലയിൽ ഇന്ന് പ്രധാനപ്പെട്ട ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് തിരച്ചിൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതുവരെ പരിശോധന നടത്താനാകാത്ത സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തിരച്ചിൽ നടത്താനാണ് തീരുമാനം. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.

ചാലിയാർ പുഴയുടെ ഇരു കരകളിലും സമഗ്രമായി തിരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവിടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് ഇന്ന് രാവിലെ എട്ട് മണിയോടെ എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരുക. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുക. സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങൾക്കു സമീപവും പരിശോധന നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും.

ഇനിയും പരിശോധിക്കാത്ത മേഖലകളിലാണ് ഇന്ന് പരിശോധന നടത്തുക. തിങ്കളാഴ്ച്ച മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. സൈന്യം തീരുമാനിക്കും വരെ തിരച്ചിൽ തുടരുണമെന്നാണ് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരിക്കുന്നത്. മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായിട്ട് എട്ടാം ദിവസമായ ഇന്നും സമഗ്രമായ തിരച്ചിലാണ് നടക്കുക.

പുനരധിവാസത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരിതബാധിതരുടെ പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.

തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാൻ്റേഷൻ്റെ 50 സെൻ്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്ക്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂര്‍ത്തിയായത്. 158 ശരീര ഭാഗങ്ങൾ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെൻ്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമ്മാണ പരിധി 10 ശതമാനം എന്നുള്ളത് വർദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയൽ വർക്ക് പരിധി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 2391 പേർക്ക് ഇതുവരെ കൗൺസിലിങ് നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോണും സിം കാർഡും കണക്ടിവിറ്റിയും നൽകും. 16 ക്യാമ്പുകളിലും മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോണും കണക്ടിവിറ്റിയും നൽകും. സ്വകാര്യ മൊബൈൽ ഫോൺ ദാതാക്കൾ ഇതുമായി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മുണ്ടക്കൈ, ചൂരൽമല ദുരിതബാധിത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പട്രോൾ ശക്തിപ്പെടുത്തും. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്ത ബാധിതരെ വിളിക്കുന്നതായി വിവരമുണ്ട്. ദുരിതബാധിതരെ മാനസികമായി തകർക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്, അങ്ങനെ ഉണ്ടായാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണവും ചെയ്യും.

തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇന്ന് മുതൽ പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് തീരുമാനിക്കും. പരാതിക്കിടയില്ലാത്ത വിധം ഭക്ഷണ വിതരണം കാര്യക്ഷമമായി നടത്താൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Top