ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായ ഹെർൾഡ സെൻഹൗസ് അന്തരിച്ചു. 113-ാം വയസ്സിലായിരുന്നു അന്ത്യം. കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന ജാസ് ഡാൻസ് ഗ്രൂപ്പിൻ്റെ സ്ഥാപക കൂടിയാണ് ഹെർൾഡ. ജീവിതത്തോടുള്ള അഭിനിവേശത്തിനും പഠനത്തോടുള്ള അർപ്പണബോധത്തിനും പേരുകേട്ട വ്യക്തിയായിരുന്നു. കുട്ടികളില്ലാതെ തുടരുന്നതും ശക്തമായ സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നതുമാണ് തൻ്റെ ദീർഘായുസ്സിനു കാരണമെന്ന് അവർ പറഞ്ഞിരുന്നു.
അമേരിക്കയിലെ വെസ്റ്റ് വെർജീനിയയിൽ ജനിച്ച ഹെർൾഡ നഴ്‌സാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും വംശീയ വിവേചനം മൂലം ആ സ്വപ്നം നടക്കാതെ പോയി. നിരവധി കുടുംബങ്ങളിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിക്കുകയും ബോസ്റ്റൺ ക്ലബ് സ്ഥാപിച്ച് കറുത്തവർഗ്ഗക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, പെൻസിൽവാനിയയിലെ ഗ്രീൻവില്ലിൽ താമസിക്കുന്ന നവോമി വൈറ്റ്ഹെഡ് (114) ആണ് നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന പദവി വഹിക്കുന്നതെന്ന് ജെറൻ്റോളജി റിസർച്ച് ഗ്രൂപ്പ് സ്ഥിരീകരിക്കുന്നു.