ന്യൂറാലിങ്കിന്റെ ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് ഉപകരണം രണ്ടാമത്തെ രോഗിയില്‍ കൂടി സ്ഥാപിച്ചതായി ഇലോണ്‍ മസ്‌ക് അറിയിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവ് നൽകുന്നതിനാണ് ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുഷുമ്നാ നാഡിക്ക് ക്ഷതമേറ്റ ആളുകളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഉപകരണം കമ്പനി പരിശേധിച്ച് വരുകയാണ്. ന്യൂറലിങ്കിൻ്റെ ആദ്യ രോഗിക്ക് വീഡിയോ ഗെയിമുകൾ കളിക്കാനും ഇൻ്റർനെറ്റ് ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാനും ലാപ്‌ടോപ്പിൽ കഴ്‌സർ നീക്കാനും ഉപകരണം മൂലം കഴിഞ്ഞതായി കമ്പനി അറിയിച്ചു. ജനുവരിയില്‍ അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്നയാളിലാണ് ന്യൂറാലിങ്ക് ആദ്യമായി ഘടിപ്പിച്ചത്.
ആദ്യ രോഗിയെ പോലെ തന്നെ നട്ടെല്ലിന് പരുക്കേറ്റ രോഗിയില്‍ തന്നെയാണ് രണ്ടാമതും ന്യൂറാലിങ്ക് ഉപകരണം സ്ഥാപിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ മസ്‌ക് വെളിപ്പെടുത്തിയില്ല. രണ്ടാമത്തെ രോഗിയുടെ മസ്തിഷ്‌കത്തില്‍ സ്ഥാപിച്ച 400 ഓളം ഇലക്ട്രോഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മസ്‌ക് വ്യക്തമാക്കി. 1024 ഇലക്ട്രോഡുകളാണ് മസ്തിഷ്‌കത്തില്‍ സ്ഥാപിക്കുകയെന്നാണ് ന്യൂറാലിങ്കിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം.
ന്യൂറലിങ്ക് അതിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഈ വർഷം തന്നെ എട്ട് രോഗികൾക്ക് കൂടി ഇംപ്ലാൻ്റുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എലോൺ മസ്‌ക് അറിയിച്ചു. ആദ്യത്തെ രോഗിയില്‍ ഘടിപ്പിച്ച ന്യൂറാലിങ്ക് ഉപകരണത്തില്‍ ചില സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. എന്നാൽ ഇതെല്ലാം പരിഹരിച്ചുകൊണ്ടായിരിക്കും രണ്ടാമത്തേത്ത് നടത്തുക.