ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി, ബിജെപി. ജെകെഎപി പാർട്ടികളുടെ പ്രധാന നേതാക്കൾ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്

ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

ഡൽഹി: പത്തു വർഷത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് മത്സരം. 11 എണ്ണം ജമ്മു മേഖലയിൽ നിന്നും 15 എണ്ണം കശ്മീരിൽ നിന്നുമാണ്. 26 ലക്ഷം വോട്ടർമാരാണുള്ളത്. 239 സ്ഥാനാർഥികളും.

നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി, ബിജെപി. ജെകെഎപി പാർട്ടികളുടെ പ്രധാന നേതാക്കൾ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാൻദെർബാൽ, ജെകെഎപി പ്രസിഡന്റ് അൽത്താഫ് ബുഖാരി മത്സരിക്കുന്ന ചൻപോര, മുൻ എംപി കൂടിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന മത്സരിക്കുന്ന നൗഷേര, ജമ്മു കശ്മീർ കോൺഗ്രസ് പ്രസിഡന്റ് താരിഖ് ഹമീദ് കാര മത്സരിക്കുന്ന ഷാൽറ്റെങ് എന്നിവിടങ്ങളിൽ ഇന്നാണ് വിധിയെഴുത്ത്. പിഡിപിയുടെ ബഷീർ മിർ ആണ് ഒമറിന്റെ മുഖ്യ എതിരാളി.

ജമ്മു കശ്മീരിൽ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് നടന്ന 24 മണ്ഡലങ്ങളിൽ 58.85% ആയിരുന്നു പോളിങ്. കിസ്താവർ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്–77.23%. പോളിങ് നടന്ന 24–ൽ 11 മണ്ഡലങ്ങളും 2014–ൽ പിഡിപി വിജയിച്ചവയാണ്. കോൺഗ്രസും ബിജെപിയും 4 വീതം സീറ്റുകളും നാഷനൽ കോൺഫറൻസും സിപിഎമ്മും ഓരോ സീറ്റും അന്നു വിജയിച്ചു.

‘ ജമ്മു കശ്മീരിൽ ഇന്ന് രണ്ടാംഘട്ട വോട്ടിങാണ്. വോട്ട് ഉറപ്പായും ചെയ്ത് ജനാധിപത്യ പ്രക്രിയയെ ശക്തമാക്കുന്നതിന്റെ ഭാഗമാകണം. ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന യുവജനങ്ങൾക്ക് അഭിനന്ദനം–പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Top