CMDRF

എം എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

എം എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍
എം എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്’; സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

കൊച്ചി: എം എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ‘ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കട്ടെ! കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.എ ഭരതനാട്യം ഫുള്‍ ടൈം വിദ്യാര്‍ത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസള്‍ട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അര്‍ഹനായ വിവരം എന്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു പരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തില്‍ ഡബിള്‍ എംഎക്കാരനായി’- എന്നാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ കുറിച്ചത്.

അതിനിടെ ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. സത്യഭാമയോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. അന്നേദിവസം തന്നെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം. മോഹിനിയാകാന്‍ സൗന്ദര്യം വേണം. കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ് സി, എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്.

Top