CMDRF

ഫ്രാന്‍സില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ഫലം രാത്രിയില്‍

ഫ്രാന്‍സില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ഫലം രാത്രിയില്‍
ഫ്രാന്‍സില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ഫലം രാത്രിയില്‍

പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കം. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്‍ നേതൃത്വം നല്‍കുന്ന തീവ്ര വലതുപക്ഷ പാര്‍ടിയായ നാഷനല്‍ റാലിയുടെ മുന്നേറ്റം പ്രത്യക്ഷമായിരുന്നു.

ഇതോടെ തീവ്ര വലതുപക്ഷം അധികാരത്തിലെത്തുന്നത് തടയാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മധ്യപക്ഷവും ഇടതുപക്ഷ പാര്‍ട്ടികളും തമ്മില്‍ ധാരണയിലായി. ഇവര്‍ ഒരുമിച്ചാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ സഖ്യത്തോടെ നാഷണല്‍ റാലിയുടെ ലീഡ് കുറയുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പുറത്തു വന്നത്.

കാലാവധി അവസാനിക്കുംമുമ്പേ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനം വലതു തീവ്രവാദ കക്ഷിയെ നേരിടുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു. എന്നാല്‍ ഇത് തിരിച്ചടിയായി എന്നാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നപ്പോള്‍ വ്യക്തമായത്.

യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ടിയായ നാഷനല്‍ റാലി മുന്നേറും എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ദേശീയ അസംബ്ലിയില്‍ 577 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷം നേടാന്‍ 289 സീറ്റ് ലഭിക്കണം. ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം 76 സ്ഥാനാര്‍ഥികളാണ് ദേശീയ അസംബ്ലിയിലേക്ക് എത്തിയത്. ബാക്കിയുള്ള 506 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. രാത്രി എട്ടിന് വോട്ടെടുപ്പ് അവസാനിച്ചാലുടന്‍ ഫലസൂചന ലഭിച്ചുതുടങ്ങും.

രണ്ടാംഘട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതായാല്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ആദ്യത്തെ കൂട്ടുകക്ഷി ഭരണത്തിനും സാധ്യത തെളിയും. നാഷണല്‍ റാലി വിജയിക്കുകയാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാന്‍സില്‍ അധികാരത്തിലെത്തുന്ന തീവ്രവലതുപക്ഷ പാര്‍ടിയായി നാഷണല്‍ റാലി മാറും.

Top