കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബംഗാളി നടി രഹസ്യമൊഴി നൽകി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നൽകിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെച്ചാണ് കൊച്ചി പൊലീസ് കമീഷണർക്ക് നൽകിയ പരാതി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽവെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായത്.
2009 -ൽ ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടി വന്നു.
Also Read: മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്സോ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്
ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും സംഭവത്തിൽ പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അവർ സൂചിപ്പിച്ചു. മോശം പെരുമാറ്റം എതിർത്തതിന്റെ പേരിൽ പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാള സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ലെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി.