തിരുവനന്തപുരം: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ഇബി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന മേഖലകളിലാണ് നിയന്ത്രണം. വൈകീട്ട് ഏഴ് മണിക്ക് ശേഷം പുലര്‍ച്ചെ ഒരു മണിക്കുള്ളില്‍ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകും. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും.
ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെടും. വൈകീട്ട് ഒമ്പത് മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കളുടെ സഹകരണത്തോടെ സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.