CMDRF

ബി.ജെ.പി വിരുദ്ധ സർക്കാരുകൾക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം, മറക്കില്ല യെച്ചൂരിയെ മതേതര ഇന്ത്യ

രാഷ്ട്രീയ ബാലപാഠങ്ങള്‍ യെച്ചൂരിക്ക് മുന്നേ കിട്ടിയിരുന്നെങ്കിലും അത് ശക്തിപ്പെടുന്നത് ജെഎന്‍യു കാലത്താണ്

ബി.ജെ.പി വിരുദ്ധ സർക്കാരുകൾക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം, മറക്കില്ല യെച്ചൂരിയെ മതേതര ഇന്ത്യ
ബി.ജെ.പി വിരുദ്ധ സർക്കാരുകൾക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം, മറക്കില്ല യെച്ചൂരിയെ മതേതര ഇന്ത്യ

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചിരിക്കുകയാണ്. യെച്ചൂരിയുടെ വേര്‍പാട് ഇന്ത്യന്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുഖമായി നിറഞ്ഞുനിന്ന ഈ ജനകീയ കമ്യൂണിസ്റ്റിന്റെ വേര്‍പാടില്‍ ടീം എക്‌സ്പ്രസ്സ് കേരളയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്.

എസ്.എഫ്.ഐ യിലൂടെ സജീവ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ യെച്ചൂരി, മൂന്നുതവണയാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ ബുദ്ധിമാനായ ഒരു കമ്യൂണിസ്റ്റായിരുന്നു സീതാറാം യെച്ചൂരി എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

sitaram yechury

രാഷ്ട്രീയ ബാലപാഠങ്ങള്‍ യെച്ചൂരിക്ക് മുന്നേ കിട്ടിയിരുന്നെങ്കിലും അത് ശക്തിപ്പെടുന്നത് ജെഎന്‍യു കാലത്താണ്. അന്യായങ്ങള്‍ക്ക് മുന്നില്‍ സമരസപ്പെടാത്ത നേതാവായുള്ള യെച്ചൂരിയുടെ വളര്‍ച്ച ആരംഭിക്കുന്നതും അവിടെ നിന്നായിരുന്നു. എംഎക്ക് ജെഎന്‍യുവില്‍ ചേര്‍ന്നതോടെയാണ് മാര്‍ക്‌സിസത്തെക്കുറിച്ച് ശരിയായ ധാരണ കൈവന്നതെന്ന് അദ്ദേഹം തന്നെ പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. അക്കാലത്താണ് എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നത്. പ്രകാശ് കാരാട്ടുമായുള്ള അടുപ്പം തുടങ്ങിയതും അവിടെ നിന്ന് തന്നെയാണ്.

1977 സെപ്തംബര്‍ അഞ്ച് യെച്ചൂരി എന്ന പോരാളിയുടെ പോരാട്ടവീര്യം തുറന്നുകാട്ടപ്പെട്ട ദിവസമാണ്. അന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നത്. സമരത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന ഇരുപത്തിയഞ്ചുകാരനായ സീതാറാം യെച്ചൂരിയെ അന്ന് ദേശീയ മാധ്യമങ്ങളും അത്ഭുതത്തോടെയാണ് വീക്ഷിച്ചിരുന്നത്.

indiara gandhi

തെരഞ്ഞെടുപ്പില്‍ തോറ്റ ഇന്ദിരഗാന്ധിക്ക് ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന മുദ്രാവാക്യമാണ് അന്ന് യെച്ചൂരിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയിരുന്നത്. ഈ വിദ്യാര്‍ത്ഥി മാര്‍ച്ച് ഇന്ദിരയുടെ വസതിക്ക് മുന്നിലെത്തിയപ്പോള്‍ ‘ഇന്ദിരയെ കാണണമെന്നും വിദ്യാര്‍ഥികള്‍ അവര്‍ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കണമെന്നും യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയുണ്ടായി. അതല്ലാതെ പിടഞ്ഞുവീണാലും തിരികെ പോകില്ലെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചിരുന്നത്.

ഇതോടെ… ഗത്യന്തരമില്ലാതെ നാലോ അഞ്ചോ കുട്ടികള്‍ക്ക് അകത്തേക്ക് വരാമെന്ന നിലപാട് ഇന്ദിര അറിയിക്കുകയുണ്ടായി. എന്നാല്‍ ‘തങ്ങള്‍ നാലോ അഞ്ചോ പേരല്ലെന്നും ഒരുമിച്ചു മാത്രമേ അകത്തേക്കുള്ളൂവെന്നുമുള്ള പിടിവാശിയിലായിരുന്നു യെച്ചൂരി നിന്നിരുന്നത്. അവിടെയും കീഴടങ്ങിയത് ഇന്ദിര തന്നെയായിരുന്നു. തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വിദ്യാര്‍ഥികളെയും മുറ്റത്തേക്ക് കയറ്റേണ്ടി വന്നു. പിന്നാലെ ഇന്ദിരാഗാന്ധിയും അവര്‍ക്കരികിലേക്കെത്തി. ഈ സമയം അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധനായ ആഭ്യന്തരമന്ത്രി ഓം മേത്തയും മറ്റ് രണ്ടുപേരും ഇന്ദിരയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

cpim

തുടര്‍ന്ന്, എന്തുകൊണ്ട് ഇന്ദിര ചാന്‍സലര്‍പദവി രാജിവയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ കുറ്റപത്രം യെച്ചൂരി തന്നെ അവിടെവച്ച് ഉറക്കെ വായിച്ച് കേള്‍പ്പിക്കുകയുണ്ടായി. കയ്യുംകെട്ടി നിന്നാണ് അത് മുഴുവന്‍ ഇന്ദിര കേട്ടിരുന്നത്. അടുത്തദിവസം തന്നെ ഇന്ദിരാഗാന്ധി ചാന്‍സലര്‍ സ്ഥാനം ഒഴിയുകയും ചെയ്തു.

ഒരു സാധാരണപൗരന് തങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണാധികാരിയുടെ മുമ്പാകെ ഉച്ചത്തില്‍ സ്വരമുയര്‍ത്താനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം…ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന ഒരു ഓര്‍മപ്പെടുത്തലായാണ് ഈ സംഭവം പിന്നീട് വിലയിരുത്തപ്പെട്ടിരുന്നത്.

sitaram yechury

അടിയന്തരാവസ്ഥ കാലത്ത് ഒരു ഘട്ടത്തിലും ഇന്ദിരാഗാന്ധിയെ ജെഎന്‍യുവില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ക്യാംപസിനുള്ളില്‍ നിശ്ചയിച്ചിരുന്ന ഒരുപരിപാടി അവര്‍ക്ക് തന്നെ മാറ്റി വെക്കേണ്ടിയും വന്നിരുന്നു. ഇന്ദിരയെ ക്യാംപസില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാട് പ്രഖ്യാപിക്കുക മാത്രമല്ല അത് പൂര്‍ണ്ണമായും നടപ്പാക്കുകകൂടി ചെയ്ത നേതാവാണ് സീതാറാം യെച്ചൂരി.

പാര്‍ലമെന്ററി രാഷ്ട്രീയത്തേക്കാള്‍ ചാണക്യ തന്ത്രങ്ങളിലാണ് ഈ കമ്യൂണിസ്റ്റ് തന്റെ കഴിവ് ഏറെയും തെളിയിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ വി.പി സിംഗ് മുതല്‍… ഐ.കെ ഗുജ്‌റാളിനും, ചന്ദ്രശേഖറിനും, ദേവഗൗഡയ്ക്കും വരെ കേന്ദ്രത്തില്‍ മൂന്നാംമുന്നണി സര്‍ക്കാരുണ്ടാക്കാന്‍ പാത ഒരുക്കിയതിലും തന്ത്രങ്ങള്‍ മെനഞ്ഞതിനും പിന്നില്‍ ഈ സി.പി.എം നേതാവിന്റെ ബുദ്ധിപരമായ നീക്കവും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.അക്കാലത്ത് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെയൊപ്പം യെച്ചൂരി നടത്തിയ ഇടപെടലുകള്‍ മതേതര ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.

Harkishan Singh Surjeet

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനായി ഒന്നാം യു.പി.എ സര്‍ക്കാറിന് പിന്തുണ നല്‍കാന്‍ സി.പി.എം തീരുമാനിച്ചപ്പോള്‍ ആ തീരുമാനം നടപ്പാക്കുന്നതിനായി സി.പി.എം മുന്നോട്ടുവച്ച ഡിമാന്റുകള്‍ പൊതു മിനിമം പരിപാടിയായി അവതരിപ്പിക്കാനും അതിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗുമായും സോണിയ ഗാന്ധിയുമായും ചര്‍ച്ച ചെയ്യാനും രൂപീകരിച്ച സമിതിയിലും സീതാറാം യെച്ചൂരി അംഗമായിരുന്നു. ഈ കാലഘട്ടത്തിലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയും നടപ്പാക്കിയിരുന്നത്.

ജനങ്ങളുടെ സമ്മര്‍ദ്ദം മനസ്സിലാക്കിയുള്ള നിയമങ്ങള്‍ നിര്‍മ്മിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ ഇടതുപക്ഷം. അത്തരത്തില്‍ നിയമം നിര്‍മ്മിച്ചാലും അത് നടപ്പാക്കാത്തവരായാണ് വലതുപക്ഷത്തെ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍വചിച്ചത് പോലെ രാജാവിന്റെ ഇടത് വശത്തിരിക്കുന്നവര്‍ ഇടതുപക്ഷമല്ലെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്തെ ചെറിയ പാര്‍ട്ടിയായ സി.പി.എം നിലനില്‍ക്കുമ്പോഴും ദേശീയതലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാവായി അന്നും ഇന്നും യെച്ചൂരിക്ക് തുടരാന്‍ കഴിഞ്ഞത്, അദ്ദേഹത്തിന്റെ ഉന്നതമായ നേതൃപാടവവും പ്രത്യയശാസ്ത്ര ബോധവും കൊണ്ടാണ്. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണത്.

EXPRESS VIEW

Top