രോ​ഗിയെ ക്രൂരമായി മർദിച്ച് സെക്യൂരിറ്റി ജീവനക്കാർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സര്‍ജന്റിന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ നടപടി. സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരുന്നു.

അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി ശ്രീകുമാറിനെയാണ് സുരക്ഷാ ജീവനക്കാരനായ ജുറൈജ് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ആശുപത്രിയിൽ ആംബുലൻസിൽ എത്തിച്ച ശേഷം യുവാവിന്റെ അമ്മയെ വിളിക്കാൻ സുഹൃത്ത് പോയപ്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ മർദിക്കുകയും പുറത്താക്കുകയും ചെയ്തെന്നാണ് ആരോപണം.

അതിനിടെ രോ​ഗിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ച വാർത്തയും പുറത്തുവന്നിരുന്നു. ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിലാണ് തർക്കമുണ്ടായത്. തര്‍ക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയര്‍ സര്‍ജന്റ് എ.എല്‍ ഷംജീറിനെ മര്‍ദിക്കുകയായിരുന്നു.

Top